വിമാനത്താവളത്തിൽ തെരുവുനായ ശല്യം

Sunday 20 July 2025 1:40 AM IST

ശംഖുംമുഖം: രാജ്യാന്തര ടെർമിനലിന് മുന്നിൽ തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായതോടെ യാത്രക്കാരും ഒപ്പമെത്തുന്നവരും ഭയപ്പാടിലാണ്.

ടെർമിനിലിന് മുന്നിൽ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളുടെ അടിഭാഗം നായ്‌ക്കളുടെ വിശ്രമ കേന്ദ്രമാണ്. ഇതറിയാതെ ഇരുന്നാൽ കടി ഉറപ്പ്. പ്രശ്‌നം നിരവധി തവണ വിമാനത്താവള അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ല.

യാത്രക്കാരെ ഉപദ്രവിക്കുന്നതുകൂടാതെ ഇവർ ലഗേജുകളിൽ പലപ്പോഴും കടിച്ചുവലിക്കുന്ന സ്ഥിതിയുമുണ്ട്. മാസങ്ങൾക്ക് മുമ്പ് ഷാർജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട സ്വദേശിയെ രാജ്യാന്തര ടെർമിനലിന് മുന്നിൽവച്ച് തെരുവുനായ കടിക്കുകയും ഇയാളുടെ യാത്ര മുടങ്ങുകയും ചെയ്‌തിരുന്നു.

യാത്രക്കാരനെ സ്വീകരിക്കാൻ കാത്തുനിന്നയാളെ തെരുവുനായ ഓടിച്ച സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ നായ്‌ക്കളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നഗരസഭ രണ്ടുദിവസം നടത്തിയെങ്കിലും പിന്നീട് അതും നിലച്ചു. വിദേശത്തു നിന്നെത്തുന്ന പിതാവിനെ സ്വീകരിക്കാൻ അമ്മയ്ക്കൊപ്പം കാത്തുനിന്ന കുട്ടിയെ തെരുവുനായ്‌ക്കൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ടാക്‌സി ഡ്രൈവർമാർ ഇടപെട്ടാണ് കുട്ടിയെ രക്ഷിച്ചത്. തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.