രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ; സുപ്രീംകോടതി 22ന് പരിഗണിക്കും

Sunday 20 July 2025 2:43 AM IST

ന്യൂഡൽഹി : നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങൾ സുപ്രീംകോടതി ജൂലായ് 22ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ആ സവിശേഷാധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിയുടെ റഫറൻസ്. തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ഇതിനെതിരെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രംഗത്തെത്തിയിരുന്നു.

 രാഷ്ട്രപതിയുടെ ചോദ്യങ്ങൾ

1. ബില്ലുകൾ ഗവർണറുടെ മുന്നിലെത്തുമ്പോൾ ഭരണഘടന പ്രകാരം എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും ?

2. ഭരണഘടന നൽകിയിട്ടുള്ള അധികാരത്തിന്റെ സാദ്ധ്യതകൾ മുന്നിലുള്ളപ്പോൾ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾ പാലിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണോ?

3. അനുച്ഛേദം 200 പ്രകാരം ബില്ലുകളിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് നിയമവിധേയമാണോ?

4. ഗവർണറുടെ നടപടികൾക്ക് അനുച്ഛേദം 361 പ്രകാരം ഭരണഘടനാ പരിരക്ഷയും, ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിലക്കുമുണ്ടോ?

5. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് ഭരണഘടനയിൽ സമയപരിധിയില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാൻ കഴിയുമോ?

6. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതി തന്റെ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് നിയമവിധേയമാണോ?

7. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ ?

8. ഗവർണർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടാൽ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം ആരായേണ്ടതുണ്ടോ?

9. ബിൽ നിയമമാകുന്നതിന് മുൻപ് അതിന്റെ ഉള്ളടക്കം പരിശോധിച്ച് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടോ?

10. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം രാഷ്ട്രപതിയുടെയോ ഗവർണറുടെയോ തീരുമാനങ്ങൾക്കെതിരെ പ്രയോഗിക്കാൻ കഴിയുമോ?​

11. ഗവർണറുടെ അനുമതിയില്ലാതെയുള്ള നിയമം നിലനിൽക്കുന്നതാണോ?​

12. ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നമുയ‌ർന്നാൽ കുറഞ്ഞത് അഞ്ച് ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചിലേക്ക് വിടേണ്ടതല്ലേ?​

13. ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ?

14. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുച്ഛേദം 131 പ്രകാരം ലഭിക്കുന്ന ഹർജി മുഖേന മാത്രമല്ലേ സാധിക്കുകയുള്ളു?​​