ചൈതന്യ ബാഗേലിന്റെ അറസ്റ്റ്; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Sunday 20 July 2025 3:44 AM IST

ന്യൂഡൽഹി: അഴിമതിക്കേസിൽ ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. 22ന് സംസ്ഥാനത്ത് ഉപരോധ സമരം നടത്തുമെന്ന് കോൺഗ്രസ് ഛത്തീസ്ഗഢ് പ്രസിഡന്റ് ദീപക് ബയ്ജ് അറിയിച്ചു. 2023ൽ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയതു മുതൽ തെറ്റായ ആരോപണങ്ങളുന്നയിച്ചും വ്യാജ കേസുകളുണ്ടാക്കിയും കോൺഗ്രസ് നേതാക്കളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടി ഒന്നടങ്കം ബാഗേലിനൊപ്പമാണ്. സമരത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ ദേശീയപാതകളും തെരുവുകളും ഉപരോധിക്കുമെന്നും ബയ്ജ് പറഞ്ഞു. സംസ്ഥാനത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെള്ളിയാഴ്ചയാണ് ചൈതന്യ അറസ്റ്റിലായത്. കോടതി അഞ്ച് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഭിലായിയിലെ വീട്ടിൽ പരിശോധന നടത്തിയ ഇ.ഡി ഉദ്യോഗസ്ഥർ ചൈതന്യയെ ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

പ്രതിപക്ഷത്തെ ലക്ഷ്യം

വയ്ക്കുന്നെന്ന്

പ്രതിപക്ഷത്തെ നിശബ്‌ദമാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. റായ്ഗഡിലെ അദാനി ഗ്രൂപ്പിന്റെ കൽക്കരി ഖനിക്കു വേണ്ടി മരങ്ങൾ മുറിച്ചത് നിയമസഭയിൽ ഉന്നയിക്കുന്നത് തടയാനാണ് ഇ.ഡിയെ അയച്ചതെന്നും രാജ്യത്തെങ്ങും പ്രതിപക്ഷ നേതാക്കളെ കേന്ദ്രം ലക്ഷ്യംവക്കുകയാണെന്നും ബാഗേൽ പറഞ്ഞു. ബി.ജെ.പി സർക്കാർ ഛത്തീസ്ഗഢിലെ വനം മുഴുവൻ അദാനിക്ക് കൈമറിയെന്നും ഭൂപേഷ് ബാഗേൽ അത് ചോദ്യം ചെയ്യാതിരിക്കാനാണ് മകനെ അറസ്റ്റ് ചെയ്‌തതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പി എക്‌സ് പോസ്റ്റിൽ ആരോപിച്ചു.

2161 കോടി രൂപയുടെ നഷ്ടം

ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായിരിക്കെ 2019-22 കാലത്ത് നടപ്പാക്കിയ മദ്യനയം മൂലം സംസ്ഥാന സർക്കാരിന് 2161 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ആദായനികുതി വകുപ്പിന്റെ പരാതിയിൽ 2024 ജനുവരിയിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സമാന്തര എക്‌സൈസ് വകുപ്പ് നടത്തുകയായിരുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം.