റഷ്യയ്‌ക്കെതിരായ ഉപരോധം പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

Sunday 20 July 2025 2:45 AM IST

ന്യൂഡൽഹി : യുക്രെയിനെതിരായ നടപടികൾ അവസാനിപ്പിക്കാത്തതിൽ റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. റഷ്യയുടെ എണ്ണ വരുമാനത്തെയും സാമ്പത്തിക ശൃംഖലയെയും ഞെരുക്കുക ലക്ഷ്യമിട്ട് 18-ാമത് ഉപരോധ പാക്കേജ് പ്രഖ്യാപിച്ചു. ഏകപക്ഷീയ ഉപരോധമെന്ന് ഇന്ത്യ പ്രതികരിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി ഊർജ്ജ സുരക്ഷ ഉറപ്പാക്കേണ്ടത് പരമപ്രധാന ഉത്തരവാദിത്വമായി ഇന്ത്യ കാണുന്നു. ഊർജ്ജ വ്യാപാരത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും കൂട്ടിച്ചേർത്തു. റഷ്യൻ ഊർജ്ജരംഗത്തെ ഭീമൻ കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള നയാര എണ്ണ ശുദ്ധീകരണശാല ഗുജറാത്തിലെ വദിനാറിൽ പ്രവർത്തിക്കുകയാണ്. ഇതിനെയും ഉപരോധം ബാധിക്കും. ഇതാദ്യമായാണ് ഇന്ത്യയ്‌ക്കകത്ത് പ്രവർത്തിക്കുന്ന കമ്പനി യൂറോപ്യൻ യൂണിയന്റെ ഉപരോധത്തിന്റെ പരിധിയിൽ വരുന്നത്.

പരിധി നിശ്ചയിച്ചു

 റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് ബാരലിന് 47.60 ഡോളർ മാത്രമേ നൽകാവൂയെന്ന് പരിധി നിശ്ചയിച്ചു

 കൂടുതൽ വില നൽകുന്ന രാജ്യങ്ങൾക്കും ഉപരോധം ഏർപ്പെടുത്തും

 നിലവിൽ ബാരലിന് 60 ഡോളറാണ് ക്രൂഡ് ഓയിൽ വില

 റഷ്യൻ എണ്ണക്കപ്പലുകൾക്കും ഉപരോധം

 റഷ്യൻ ബാങ്കുകളിലെ ഇടപാടുകൾക്കും ഉപരോധം

 ഇന്ത്യയ്‌ക്ക് നേട്ടമായേക്കും

2022 ഫെബ്രുവരിയിൽ റഷ്യ - യുക്രെയിൻ സംഘർഷത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനം വരെ റഷ്യയിൽ നിന്നാണ്. അതിനാൽ റഷ്യയിൽ നിന്നുള്ള എണ്ണയ്‌ക്ക് വില കുറയുന്നത് ഇന്ത്യയ്‌ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

 ആഗോള വിതരണത്തെ ബാധിക്കില്ല

പുതിയ ഉപരോധം ആഗോള എണ്ണ വിപണിയുടെ സ്ഥിരതയെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ സ്ഥാനപതി ഹെർവെ ഡെൽഫിൻ പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ രാജ്യങ്ങളെ തടഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.