കരുണാനിധിയുടെ മൂത്ത മകൻ എം.കെ.മുത്തു അന്തരിച്ചു
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൂത്ത മകനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനുമായ എം.കെ.മുത്തു (മു.ക. മുത്തു 77) അന്തരിച്ചു. ഇന്നലെ രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ്. നാഗപട്ടണത്തെ തിരുക്കുവലൈയിലാണ് ജനനം. മുത്തു ജനിച്ചതിനു പിന്നാലെ 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്മാവതി മരിച്ചു. പിന്നീട് കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. ചലച്ചിത്ര നടനും പിന്നണിഗായകനുമായിരുന്നു മുത്തു.1970ൽ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈയാണ് ആദ്യ ചിത്രം. സമയൽകാരൻ, അണയവിളക്ക്, ഇങ്കേയും മനിതർകൾ, പൂക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
മുത്തുവിനെ രാഷ്ട്രീയത്തിൽ പിൻഗാമിയാക്കാനാണ് കരുണാനിധി ആഗ്രഹിച്ചത്. പിന്നീട് എം.ജി.ആറിനെ നേരിടാൻ സിനിമയിലേക്ക് ഇറക്കി. 1970കളിൽ ചില സിനിമകളിൽ നായകനായി അഭിനിയിച്ചു. ശോഭിക്കാതെ വന്നതോടെ മുത്തു അഭിനയം നിറുത്തി. ശേഷം കരുണാനിധിയുമായി പിണങ്ങി. പിന്നാലെ മുത്തു ഡി.എം.കെ വിട്ട് ജയലളിതയ്‌ക്കൊപ്പം എ.ഐ.എ.ഡി.എം.കെയിലേക്കു പോയെങ്കിലും രാഷ്ട്രീയത്തിലും തിളങ്ങാനായില്ല.
2009ൽ രോഗബാധിതനായിരിക്കെ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലം ഇരുവർക്കുമിടയിലുണ്ടായിരുന്ന പിണക്കം മാറിയത്. രണ്ടു ദശകങ്ങളായി രോഗബാധിതനായിരുന്നു. വളരെ ചുരുക്കമായേ പൊതുവേദികളിൽ എത്തിയിരുന്നുള്ളൂ. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ രാഷ്ട്രീയ, ചലച്ചിത്രമേഖളയിലെ പ്രമുഖരുൾപ്പെടെ അന്തിമോപചാരമർപ്പിച്ചു.
ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി. പിതൃതുല്യമായ വാത്സല്യംചൊരിഞ്ഞ സഹോദരനെയാണ് നഷ്ടമായതെന്ന് സ്റ്റാലിൻ അനുശോചിച്ചു.