ജുവലറിയിൽ കയറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി
രാമപുരം : സാമ്പത്തിക തർക്കത്തെത്തുടർന്ന് ജുവലറിയിൽ കയറി ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ പൊലീസ്‌സ്റ്റേഷനിൽ കീഴടങ്ങി. 80 ശതമാനം പൊള്ളലേറ്റ രാമപുരം കണ്ണനാട്ട് ജുവലറി ഉടമ കെ.പി. അശോകൻ (55) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. രാമപുരം വെള്ളിലാപ്പിള്ളി ഇളംതുരുത്തിയിൽ തുളസീദാസാണ് (ഹരി, 56) തീകൊളുത്തിയത്.
ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളായിരുന്ന അശോകനും തുളസീദാസും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ വെള്ളിലാപ്പിള്ളിയിലെ പെട്രോൾ പമ്പിൽ നിന്ന് മൂന്ന് കുപ്പി പെട്രോൾ വാങ്ങി തുളസീദാസ് ജുവലറിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ വച്ച് തർക്കമുണ്ടായതോടെ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ അശോകന്റെ തലയിലൊഴിച്ച് തീകൊളുത്തി. ജീവനക്കാർ എത്തിയിട്ടില്ലാത്തതിനാലും കടയുടെ ഗ്ലാസ് ഡോർ അടച്ചിരുന്നതിനാലും സമീപത്തുള്ള കടക്കാർ പോലും വിവരമറിഞ്ഞില്ല. തുടർന്ന് തുളസീദാസ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് എത്തിയപ്പോഴാണ് അടുത്തുള്ള കടക്കാർ വിവരമറിഞ്ഞത്.
അറസ്റ്റ് ചെയ്ത പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി. പാലാ ഡി വൈ.എസ്.പി. കെ. സദൻ, രാമപുരം സി.ഐ. കെ. ദീപക് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
തർക്കം 25 ലക്ഷത്തെ ചൊല്ലി
അശോകന്റെ ഉടമസ്ഥതയിലുള്ള കടയിൽ തുളസീദാസ് സാനിട്ടറി വ്യാപാരം നടത്തിയിരുന്നു. തർക്കത്തെ തുടർന്ന് ഇവിടെ നിന്ന് കട പിഴകിലേക്ക് മാറ്റാൻ തീരുമാനിച്ചു. അവിടെ മുറിയുമെടുത്തു. എന്നാൽ പിന്നീട് അവിടെ കട നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് കെട്ടിട ഉടമസ്ഥൻ അറിയിച്ചു. ഇത് അശോകൻ ഇടപെട്ടിട്ടാണെന്ന് തുളസീദാസ് പറയുന്നു. 25 ലക്ഷം രൂപ അശോകൻ തരാനുണ്ടെന്ന് തുളസീദാസും തനിക്കാണ് പണം നൽകാനുള്ളതെന്ന് അശോകനും തർക്കിച്ചുകൊണ്ടിരുന്നു. പിഴകിലെ കടയും തുറക്കാനാവാതെ വന്നതോടെ നിരാശനായി ജീവനൊടുക്കാൻ വെള്ളിയാഴ്ച വാഗമണ്ണിലേക്ക് പോയെന്നും എന്നാൽ അശോകനെ കൊന്നതിന് ശേഷം മരിക്കാമെന്നു കരുതി രാമപുരത്തേക്ക് തിരികെവന്നെന്നും തുളസീദാസ് പൊലീസിനോട് പറഞ്ഞു.