@ നഴ്സുമാർ കുറവ്, ചോർച്ച ഹോമിയോ മെഡി.കോളേജ് 'രോഗശയ്യ'യിൽ
കോഴിക്കോട്: കേരളത്തിലെ ആദ്യ ഹോമിയോ മെഡിക്കൽ കോളേജായ കാരപ്പറമ്പ് ഹോമിയോ കോളേജ് കെട്ടിടം ശോച്യാവസ്ഥയിൽ. അരനൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ പലയിടത്തും മേൽക്കൂര അടർന്നിരിക്കുകയാണ്. മഴയിൽ ചോരുന്നു. ഏഷ്യയിലെ ആദ്യ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ ഡിഗ്രി കോളേജിനാണ് ഈ ദുരവസ്ഥ.
പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്. കിടത്തി ചികിത്സ തേടുന്നവരുമുണ്ട്. വിദ്യാർത്ഥികളും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ഈ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അടർന്നു വീണ സീലിംഗ് പാളികളിലെ തുരുമ്പിച്ച ഇരുമ്പ് കമ്പികൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്ക് തെളിവാണ്. ഇവയിൽ തട്ടിയും അപകടമുണ്ടാകാം. കെട്ടിടത്തിൽ ആധുനിക സുരക്ഷാ സംവിധാനമില്ലെന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ സുരക്ഷിതത്വം, ശോചനീയാവസ്ഥ എന്നിവയെ പറ്റി പൊതുമരാമത്ത് വകുപ്പിനും മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
നഴ്സുമാരുടെയും കുറവ്
നിലവിൽ അഞ്ച് നഴ്സുമാരാണുള്ളത്. 10 പെരെങ്കിലും വേണം. പി.എസ്.സ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമന നടപടികൾ ഇഴയുകയാണ്. നിയമനം ലഭിച്ച പലരും ജോലിയ്ക്ക് ചേരാത്ത സ്ഥിതിയുമുണ്ട്. ഇത്തരം സാഹചര്യത്തിൽ ലിസ്റ്റിലെ അടുത്തയാൾക്ക് അഡ്വെെസ് മെമ്മോ നൽകണം. ഇതിനെല്ലാം കാലതാമസമുണ്ടാകുന്നു. ലിസ്റ്റ് നിലവിലുള്ളതിനാൽ എംപ്ളോയ്മെന്റ് വഴി എടുക്കാനുമാകില്ല.
പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം
കെട്ടിടത്തിന്റെ സുരക്ഷയും മലിനജല പ്രശ്നവും മറ്റും പരിഹരിക്കാൻ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറും വകുപ്പും യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പ മുൻ സംസ്ഥാന സമിതിയംഗവും മലാപ്പറമ്പ് എട്ടാം വാർഡ് ഇൻ-ചാർജ്ജുമായ സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. ഉടനടി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും. ബി.ജെ.പി. സിവിൽ സ്റ്റേഷൻ ഏരിയ ജനറൽ സെക്രട്ടറി ഇ.പി.സുജീഷ്, സെക്രട്ടറി പ്രജി നാഗത്താൻ പറമ്പ്, ഏരിയാ കമ്മിറ്റിയംഗം കെ.യു. ശശിധരൻ, ബൂത്ത് പ്രസിഡന്റുമാരായ ബബീഷ്, വിനീഷ് എന്നിവരും ആശുപത്രി സന്ദർശിച്ചു.
ആശുപത്രിയിൽ ബെഡുകൾ....100
കിടത്തി ചികിത്സ തേടുന്നവർ.... 60-70
നിലവിലുള്ള നഴ്സുമാർ....5
ആവശ്യമുള്ളത്....10
വിദ്യാർത്ഥികൾ....300