'നിലാവ് ' പദ്ധതിയിൽ നുറുങ്ങ് വെളിച്ചമായി വടമൺ വാർഡിലെ തെരുവ് വിളക്കുകൾ

Sunday 20 July 2025 12:03 AM IST

അ‌‌‌‌ഞ്ചൽ : 'നിലാവി 'ൽ ഇരുട്ട് പരത്തി വഴിവിളക്കുകൾ. അ‌ഞ്ചൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സ്‌ട്രീറ്റ് ലൈറ്റുകൾ നുറുങ്ങ് വെളിച്ചം ചൊരിയുന്നത്. നാലാം വാർഡായ വടമൺ പ്രദേശത്തെ കോമളം തെക്കേമലപ്പുറം മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് ഇരുട്ടിൽ അമരുന്നത്. വന്യജീവികൾ സൃഷ്‌ടിക്കുന്ന ഭീതിയും തെരുവ് നായ്‌ക്കളുടെ ശല്ല്യവും ജനജീവിതം ദുസഹമാകുമ്പോഴാണ് വഴിവിളക്കുകൾ പ്രയോജനകരമാകാത്തത്.

നേരത്തെ പഞ്ചായത്ത് കരാർ നൽകിയ പദ്ധതിയായിരുന്നു 'നിലാവ് '. ഇത് പ്രകാരം പഞ്ചായത്ത് ടെണ്ടറിലൂടെ തിരഞ്ഞെടുത്ത കമ്പനിക്കായിരുന്നു ബൾബ് മാറ്റവും ലൈനിലെ അറ്റകുറ്റ പണികളും. നിലവാരമില്ലാത്ത ബൾബുകൾ പ്രകാശം പരത്താതെ ആയപ്പോൾ സഹികെട്ട് നാട്ടുകാർ പലരും കൈയ്യിൽ നിന്ന് പണം മുടക്കി ബൾബുകൾ മാറ്റി. പോസ്‌റ്റിൽ കയറാൻ കൂലി നൽകി ബൾബുകൾ മാറ്റിയെങ്കിലും സാമൂഹ്യ വിരുദ്ധർ പലയിടങ്ങളിലും ബൾബുകൾ നശിപ്പിച്ച സംഭവങ്ങളുണ്ടായി.

മുൻഭരണ സമിതിയുടെ കാലത്ത് നടപ്പിലാക്കിയ ' നിലാവ് ' പദ്ധതി ചൊരിഞ്ഞത് മങ്ങിയ വെളിച്ചമായിരുന്നു. ആ കരാർ ഒഴിവാക്കി പുതിയ കമ്പനിക്ക് കരാർ നൽകി.നേരത്തെ ബൾബുകൾക്ക് ഗുണനിലവാരം ഇല്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.പുതിയ കരാർ പ്രകാരം ബൾബുകൾ മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. കോമളം തെക്കേമലപ്പുറം ഭാഗങ്ങളിൽ ബൾബ് മാറ്റുന്ന ജോലികൾ ആരംഭിക്കാനിരിക്കുകയാണ്.

എൻ. ദീപ‌്‌തി

വാർഡ് മെമ്പർ

ഗാർഹിക കണക്ഷനുകളിൽ ബൾബുകൾക്ക് പ്രകാശമുണ്ട്. വോൾട്ടേജ് പ്രതിസന്ധിയില്ലെന്ന് ചുരുക്കം. ബൾബുകളുടെ ഗുണനിലവാരമില്ലായ്‌മയാണ് പ്രശ്‌നം.

ജി. അരവിന്ദൻ

കേരളകൗമുദി ഏരൂർ ഏജന്റ് .