ചിട്ടയായ തയ്യാറെടുപ്പിലൂടെ ബാങ്ക് തൊഴിൽ നേടാം!

Sunday 20 July 2025 12:19 AM IST

രാജ്യത്ത് 20000ത്തോളം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെയാണ് ബാങ്കിംഗ് മേഖല 2025-26 ൽ റിക്രൂട് ചെയ്യാൻ പോകുന്നത്. ക്ലറിക്കൽ, ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾ ഉൾപ്പെടുന്നു.ആകർഷണീയമായ തൊഴിൽ, മികച്ച വേതനം എന്നിയാണ് പ്രത്യേകത.ചിട്ടയോടെയുള്ള തയ്യാറെടുപ്പുണ്ടെങ്കിൽ ഏവർക്കും എത്തിച്ചേരാവുന്ന മികച്ച തൊഴിൽ മേഖലയാണിത്. ബാങ്കിംഗ് റിക്രൂട്മെന്റിൽ ദേശസാൽകൃത ബാങ്കുകളിലേക്കും ഗ്രാമീണ ബാങ്കുകളിലേക്കുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലക്ഷന്റെ ഐ.ബി.പി.എസ് റിക്രൂട്മെന്റ്,റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,സ്വകാര്യ ബാങ്കുകൾ,സഹകരണ ബാങ്കുകൾ എന്നിങ്ങനെ അഞ്ചിനം റിക്രൂട്മെന്റ് പ്രക്രിയകളുണ്ട്.ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റിക്രൂട്മെന്റ് ഏജൻസിയാണ് ഐ.ബി.പി.എസ്. ഐ.ബി.പി.എസ്സാണ് ദേശസാൽകൃത ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്മെന്റ് നടത്തുന്നത്.മൂന്ന് തലങ്ങളിലായുള്ള റിക്രൂട്മെന്റ് പ്രക്രിയയിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നു.അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്.സ്പെഷ്യലിസ്റ്റ് കേഡറിൽ കൃഷി,വെറ്ററിനറി സയൻസ്,ഫിഷറീസ്,ഐ.ടി.നിയമ.അക്കൗണ്ടിംഗ് വിദഗ്ധരെ റിക്രൂട് ചെയ്യും.ക്ലറിക്കൽ കേഡറിൽ അപേക്ഷിക്കാൻ 20-28 വയസ്സാണ് പ്രായപരിധി.ഓഫീസർ തസ്തികയിലേക്ക് 30 -32 വയസ്സാണ് ഉയർന്ന പ്രായപരിധി.ഇത് ബാങ്കുകൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.സ്വകാര്യ ബാങ്കുകൾ ഇന്റർവ്യൂ വഴി മാത്രം സ്പെഷ്യലിസ്റ്റ് വിഭാഗക്കാരെ നിയമിക്കാറുണ്ട്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, സംസ്ഥാന തല സഹകരണ ബാങ്കുകൾക്കും പ്രത്യേകം റിക്രൂട്മെന്റ് ബോർഡുകളുണ്ട്.

മികച്ച സ്കില്ലുകൾ കൈവരിക്കണം ബാങ്കിംഗ് തൊഴിലിന് അപേക്ഷിക്കുന്നവർ അതിനുള്ള ഹോം വർക്ക് ബിരുദ പഠന കാലയളവിൽ ആരംഭിക്കണം.പതിവായി ഇംഗ്ലീഷ് ,മലയാളം പത്രങ്ങൾ വായിക്കണം.പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം.ഒരു നോട്ട് ബുക്കിൽ പതിവായി കുറിപ്പുണ്ടാക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തണം.ഇത് ടൈം മാനേജ്‌മന്റ്, ലോജിക്കൽ, അനലിറ്റിക്കൽ റീസണിംഗ്, നൈപുണ്യം എന്നിവയെ സഹായിക്കും.ബാങ്കിംഗ് സോഫ്ട്‍വെയറുകൾ,സോഫ്ട്‍വെയർ ആസ് സർവീസ് എന്നിവയെക്കുറിച്ചും, ഇന്റർനെറ്റ്/ ഓൺലൈൻ ബാങ്കിംഗ്, ഇ-ബാങ്കിംഗ്,ഇ-അക്കൗണ്ടിംഗ് മുതലായവയെക്കുറിച്ചും അറിഞ്ഞിരിക്കണം.ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം.ഇംഗ്ലീഷ് ഗ്രാമറിലുള്ള പ്രാവീണ്യം ഇംഗ്ലീഷ് പേപ്പറിൽ മികച്ച മാർക്ക് നേടാൻ സഹായിക്കും.ഇന്റർ പേർസണൽ കമ്മ്യൂണിക്കേഷനിലും മികവ് പുലർത്തണം.കുറഞ്ഞത് രണ്ടു കമ്പ്യൂട്ടർ ഭാഷയെങ്കിലും അറിഞ്ഞിരിക്കണം.ബിരുദപഠനത്തോടൊപ്പം മികച്ച ആഡ് ഓൺ കോഴ്സുകൾ ഓൺലൈനായി പഠിക്കാൻ ശ്രമിക്കണം.Coursera , EdX , Future Learn, Udemy പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്.ടീം വർക്ക്, ആത്മ വിശ്വാസം, സുതാര്യത, വിശ്വാസ്യത, അനലിറ്റിക്കൽ/ ലോജിക്കൽ സ്കില്ലുകൾ, കമ്പ്യൂട്ടർ നൈപുണ്യം, ആശയായവിനിമയം, ബാങ്കിംഗ് ജോലിയോടുള്ള താല്പര്യം എന്നിവ ഉദ്യോഗാർത്ഥിക്ക് അത്യന്താപേക്ഷിതമായി ആവശ്യമാണ്.ഇത് ഇന്റർവ്യൂവിനെയും ഉദ്യോഗാർത്ഥികളെ സഹായിക്കും.ബാങ്കിംഗ് തൊഴിലുകളിൽ കൂടുതലായി റിക്രൂട്മെന്റ് ക്ലറിക്കൽ കേഡറിലാണ്. ഓഫീസർ കേഡറിൽ ഗ്രേഡ് എ, ബി വിഭാഗങ്ങളുണ്ട്. സ്പെഷ്യലിസ്റ്റ് കേഡർ തൊഴിലിനനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

ചിട്ടയോടെ തയ്യാറെടുക്കണം ബാങ്കിംഗ് റിക്രൂട്മെന്റിൽ പ്രിലിമിനറി,മെയിൻ,ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. പരീക്ഷയിൽ റീസണിംഗ്,ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് അഭിരുചി,ഇംഗ്ലീഷ്,കമ്പ്യൂട്ടർ പരിജ്ഞാനം,പൊതുവിജ്ഞാനം എന്നെ വിഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 10 -12 ക്ലാസ്സുകളിലെ നിലവാരമുള്ള ചോദ്യങ്ങളായിരിക്കും. മുൻവർഷങ്ങളിലെ പരമാവധി ചോദ്യങ്ങൾക്ക് നിശ്ചിത സമയത്തിനകം ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്‌മന്റ് ഏറെ പ്രധാനപ്പെട്ടതാണ്.മലയാളികൾ കൂടുതലായി തഴയപ്പെടുന്നത് ഇന്റർവ്യൂവിലാണ്‌. പരമാവധി മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കണം.ഇന്റർവ്യൂവിന്റെ പ്രാഥമിക മര്യാദകൾ,ഡ്രസ്സ്കോഡ് എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.അടുത്തയിടെ ബാങ്ക് ജോലിക്കപേക്ഷിക്കാൻ നിശ്ചിത സിബിൽ സ്കോർ വേണമെന്ന നിബന്ധന നിലവിലുണ്ട്.ഐ.ബി.പി.എസ്, ബാങ്ക് തൊഴിലിനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ബാങ്കുകളിൽ ബാധ്യതയില്ലെന്ന് ഉറപ്പുവരുത്താൻ കുറഞ്ഞത് 650 എങ്കിലും സിബിൽ സ്കോർ ആവശ്യമാണ്.ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കുന്ന സമയത്തു ബാധ്യതയില്ലെന്നുറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.ഐ.ബി.പി.എസ് സെലക്ഷന് ശേഷം സർവീസിൽ പ്രവേശിക്കുന്നതിനു മുമ്പ് നിശ്ചിത സിബിൽ സ്‌കോറോ,ബാധ്യത രഹിത സർട്ടിഫിക്കറ്റോ ഹാജരാക്കണം.അല്ലെങ്കിൽ നിയമന ഉത്തരവ് റദ്ദാക്കപ്പെടും. ചില ബാങ്കുകൾ ക്യാമ്പസ് റിക്രൂട്മെന്റ് വഴിയും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുത്തു വരുന്നു.