ഓടിക്കളിച്ച സ്കൂൾ മുറ്റത്ത് നോവായി മിഥുൻ

Sunday 20 July 2025 1:14 AM IST

കൊല്ലം: എന്നും കൂട്ടുകാരുടെ തോളിൽ കൈയിട്ട് ബഹളം വച്ചെത്തുന്ന സ്കൂൾ മുറ്റത്തേക്ക് ഇന്നലെ മിഥുൻ നിശബ്ദനായെത്തി. കൂട്ടുകാരും അദ്ധ്യാപകരും അടക്കം നൂറുകണക്കിന് പേർ അരികിലെത്തിയിട്ടും അവൻ മിണ്ടിയില്ല. ആരോടും ബൈ പറയാതെ നിശ്ബദനായി മിഥുൻ അവന്റെ പ്രിയപ്പെട്ട സ്കൂളിൽ നിന്ന് വീട്ടിലേക്ക് അവസാനമായി മടങ്ങി.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് മിഥുന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ തേവലക്കര ബോയ്സ് സ്കൂൾ പരിസരം ജനസാഗരമായിരുന്നു. കണ്ണീർ മഴയായി മിഥുൻ എത്തിയതോടെ സ്കൂൾ മുറ്റത്ത് പെയ്തുകൊണ്ടിരുന്ന ചാറ്റൽ മഴ പെട്ടെന്ന് നിലച്ചു. പൂക്കളും പൂമാലകളും കൊണ്ട് നിറഞ്ഞിരുന്ന ആംബുലൻസിൽ നിന്ന് അദ്ധ്യാപകർ മിഥുന്റെ ഭൗതികദേഹം ഏറ്റുവാങ്ങി. സ്കൂൾ മുറ്റത്ത് പതിവായി കളിക്കാറുള്ള ബദാം മരത്തിന്റെ ചുവട്ടിൽ ചില്ലുകൂടിനുള്ളിൽ മിഥുൻ കിടന്നു. അവനരികിലേക്ക് അവനെ അറിയാത്ത നൂറുകണക്കിന് പേർ ഒഴുകിയെത്തി.

അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ജനപ്രതിധികളും അദ്ധ്യാപകരും പൊതുപ്രവർത്തകരും വല്ലാതെ പണിപ്പെട്ടു. ഒരു മണിയോടെയാണ് വിലാപയാത്ര വീട്ടിലേക്ക് പുറപ്പെട്ടത്. ഇതിനിടയിൽ സഹപാഠികളും ടീച്ചർമാരും വിതുമ്പിയിട്ടും എൻ.എസ്.സി കേഡറ്റ്സ് ലാസ്റ്റ് സല്യൂട്ട് നൽകിയിട്ടും അവൻ ഉണർന്നില്ല. തന്റെ 8 ബി ക്ലാസ് മുറിയിലേക്ക് പോകാതെ 1.30 ഓടെ മിഥുൻ സ്കൂളിനോട് യാത്രമൊഴി ചൊല്ലി വീട്ടിലേക്കിറങ്ങി.

കളക്ടർ എൻ.ദേവിദാസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ.ലാൽ, മുൻ മന്ത്രി ഷിബു ബേബിജോൺ, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.ഉണ്ണിക്കൃഷ്ണൻ അടക്കം നൂറുകണക്കിന് പേർ സ്കൂളിലെത്തി പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു. ഡിവൈ.എസ്.പി ജി.ബി.മുകേഷ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ മിഥുന്റെ ഭൗതികദേഹത്തിന് സല്യൂട്ട് നൽകി. എൻ.സി.സി കേഡറ്റായി സെലക്ഷൻ ലഭിച്ച മിഥുന് എൻ.സി.സിയുടെ കമാൻഡിംഗ് സംഘമെത്തി ഔദ്യോഗിക ബഹുമതിയർപ്പിച്ചു.