പ്രഥമ കായകൽപ്പ പുരസ്കാരം കരീപ്ര ആയുർവേദ ഡിസ്പെൻസറിക്ക്
Sunday 20 July 2025 1:16 AM IST
എഴുകോൺ : കേരള സർക്കാരിന്റെ പ്രഥമ ആയുഷ് കായകൽപ്പ പുരസ്കാരം ജില്ലയിൽ കരീപ്ര ഗവ.ആയുർവേദ ഡിസ്പെൻസറിക്ക് ലഭിച്ചു.ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ചതാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. 97.08 മാർക്ക് നേടിയാണ് കരീപ്ര ഒന്നാമത് എത്തിയത്. 85.83 മാർക്ക് നേടിയ പവിത്രേശ്വരം കുഴിക്കലിടവക ആയുർവേദ ഡിസ്പെൻസറി രണ്ടാം സ്ഥാനവും 82.5 മാർക്ക് നേടിയ കണ്ണനല്ലൂർ ആയുർവേദ ഡിസ്പെൻസറി മൂന്നാം സ്ഥാനവും 80.42 മാർക്ക് നേടിയ ചവറ ആയുർവേദ ഡിസ്പെൻസറി നാലാം സ്ഥാനവും നേടി. മൂന്നിടത്തും 30000 രൂപ വീതം സമ്മാനമായി ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് കഴിഞ്ഞ ദിവസമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.