വസ്ത്ര നിർമ്മാണത്തിൽ പരിശീലനം
കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷനും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനും കീഴിലുള്ള ജൻശിക്ഷൺ സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പലംകുന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ക്യാമ്പസിൽ സമീപപ്രദേശത്തെ വനിതകൾക്കും അമ്മമാർക്കുമായി വസ്ത്രനിർമ്മാണത്തിൽ (തുന്നൽ) പരിശീലനം ആരംഭിച്ചു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു. അമ്പലംകുന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മാനേജർ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അഡ്വ. അഭയ, ശിക്ഷൺ സൻസ്ഥാൻ കോ ഓർഡിനേറ്റർ ജയകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാക്ഷണം നടത്തി. പ്രോഗ്രാം ഓഫീസർ മനു ഗോപാൽ, അദ്ധ്യാപിക വിജയലക്ഷ്മി. എന്നിവർ സംസാരിച്ചു. തുടക്കത്തിൽ മുപ്പതോളം പേർക്കാണ് പരിശീലനം. കേന്ദ്രസർക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കു പുറമേ ഫൗണ്ടേഷന്റെ സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കുന്ന വനിതകളെ ഉൾപ്പെടുത്തി അപ്പാരൽ യൂണിറ്റ് ആരംഭിക്കുമെന്ന് സുരേഷ് സിദ്ധാർത്ഥ അറിയിച്ചു. മുൻ സി.ഡി.എസ് ചെയർപേഴ്സൺ വി. ബിജി നന്ദി പറഞ്ഞു.