പ്രിയ മകനേ വിട...

Sunday 20 July 2025 1:33 AM IST

കൊല്ലം: സ്കൂളിൽ ഷോക്കേറ്റ് പിടഞ്ഞുവീണ കുഞ്ഞു മിഥുൻ ഇനി കണ്ണീരോർമ്മ. അവന്റെ നല്ല ഭാവി സ്വപ്നം കണ്ട് കുവൈറ്റിൽ വീട്ടു ജോലിക്കു പോയിരുന്ന പെറ്റമ്മയുടെ വിലാപം നാടിന്റെ നോവും.

സ്കൂളിലും വീട്ടിലും പൊതുദർശനത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്കാരം. ആയിരങ്ങളാണ് പ്രണാമം അർപ്പിക്കാനെത്തിയത്. മിഥുനെ കണ്ടിട്ടു പോലുമില്ലാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇന്നലെ രാവിലെ പുറപ്പെട്ടു. അവനെ കാണാൻ കാത്തുനിന്ന അനേകർക്കായി വിലാപയാത്ര വഴിയിൽ പലയിടങ്ങളിലും നിറുത്തേണ്ടിവന്നു. മന്ത്രി കെ.ബി.ഗണേശ്‌കുമാറും അന്ത്യാഞ്ജലി അർപ്പിച്ചു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകി 11.30നാണ് തേവലക്കര ബോയ്സ് സ്കൂളിലെത്തിച്ചത്. അവിടെ സഹപാഠികളും അദ്ധ്യാപകരും മിഥുനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

കണ്ണീർപ്പൂക്കൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലേക്ക് യാത്ര തുടങ്ങി. വീട്ടുമുറ്റത്തെത്തിയതും ബന്ധുക്കളുടെ നിയന്ത്രണം വിട്ടു. പിന്നെ കൂട്ടനിലവിളിയായിരുന്നു. അനുജനെയും പോറ്റിവളർത്തിയ മുത്തശ്ശിയെയുമൊക്കെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലാതായി.

രാത്രികളിൽ അവൻ ഉറങ്ങിയിരുന്ന വീടിന്റെ ഇറയത്ത് പായ് വിരിച്ചാണ് ആദ്യം കിടത്തിയത്.

മിഥുനെ എത്തിച്ച് അരമണിക്കൂർ കഴിഞ്ഞാണ് അമ്മ സുജ എത്തിയത്. അപ്പോഴേക്കും മിഥുനുറങ്ങുന്ന ചില്ലുകൂട് വീട്ടുമുറ്റത്തേക്ക് മാറ്റിയിരുന്നു. പൊന്നുമകന്റെ ചലനമറ്റ ശരീരം കണ്ട് സുജ ആർത്തലച്ചപ്പോൾ കണ്ടുനിന്നവർക്കും തേങ്ങൽ അടക്കാനായില്ല.

കൊടിക്കുന്നിൽ സുരേഷ്, കോവൂർ കു‌ഞ്ഞുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിലാപയാത്രയും സംസ്കാര ചടങ്ങുകളും. കെ.സി.വേണുഗോപാൽ,രമേശ് ചെന്നിത്തല,കെ. സോമപ്രസാദ്, സുജിത്ത് വിജയൻപിള്ള, പി.സി.വിഷ്ണുനാഥ്, പി.എസ്.സുപാൽ അടക്കം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ നൂറുകണക്കിന് പേർ സ്കൂളിലും വീട്ടിലുമെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.