'മിഥുനേ, ചങ്കേ, മറക്കില്ലെടാ കൂട്ടുകാരാ...'

Sunday 20 July 2025 1:36 AM IST

കൊല്ലം: "മിഥുനേ, ചങ്കേ, മറക്കില്ലെടാ കൂട്ടുകാരാ...." തേവലക്കര ബോയ്സ് ഹൈസ്കൂളിലെ 8 ബി ക്ലാസ് മുറിയിലെ ബ്ളാക് ബോർഡിൽ കൂട്ടുകാരിൽ ആരോ ഇന്നലെ ഇങ്ങനെ കുറിച്ചിട്ടു. പക്ഷേ സ്കൂൾ മുറ്റം വരെ എത്തിയെങ്കിലും ആ കണ്ണീരക്ഷരങ്ങൾ കാണാൻ 8 ബിയിലേക്ക് മിഥുൻ എത്തിയില്ല.

സ്കൂൾ മുറ്റത്തെ പ്രത്യേക പന്തലിൽ മിഥുന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ വിതുമ്പലോടെ കൂട്ടുകാർ അദ്ധ്യാപകരോട് കെഞ്ചി,അവനെ ഒരിക്കൽക്കൂടി ഞങ്ങടെ ക്ളാസിലേക്കൊന്ന് കൊണ്ടുവരുമോ? പ്രതീക്ഷയോടെ അവരിൽ ചിലർ ക്ളാസ് മുറിയിലെത്തി. വരില്ലെന്നറിഞ്ഞതോടെ വീണ്ടും അവനരികിലേക്ക് ഓടിയെത്തി. ആൾത്തിരക്കുകളുടെ നിയന്ത്രണങ്ങൾക്കിടയിൽ കൂട്ടുകാരനെ നേരാംവണ്ണം ഒന്നടുത്തുകാണാനവർക്ക് കഴിഞ്ഞതുമില്ല. ചിലരൊക്കെ പൂക്കൾ സമർപ്പിച്ച് വിതുമ്പലോടെ മാറി നിന്നു. ഉച്ചയോടെ മിഥുൻ സ്കൂൾ മുറ്റം കടന്ന് യാത്രയായപ്പോൾ സ്കൂളിന്റെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി കൈവീശി യാത്രഅയപ്പ് നൽകി.

8 ബിയിലാണ് മിഥുൻ പഠിച്ചത്. അതേ ക്ളാസ് മുറിയിലൂടെയാണ് അവൻ മരണത്തിലേക്ക് കാലുയർത്തി കയറിയെന്നതാണ് സങ്കടം. ഓടുമേഞ്ഞ ക്ളാസ് മുറിയിൽ കൂട്ടുകാരോടും അദ്ധ്യാപകരോടും എപ്പോഴും വാചാലനായിരുന്ന മിഥുൻ മിനിട്ടുകൾകൊണ്ട് ഇല്ലാതെവന്നതിന്റെ സങ്കടമെല്ലാം ചേർ‌ത്താണ് കൂട്ടുകാർ ക്ളാസ് മുറിയിലെ കറുത്ത ബോർഡിൽ വെളുത്ത അക്ഷരങ്ങളിൽ ഹൃദയം പങ്കുവച്ചത്.