വിതുമ്പിപ്പൊട്ടി മിഥുന്റെ റൂബി ടീച്ചർ

Sunday 20 July 2025 1:37 AM IST

കൊല്ലം:ചോദ്യം ചോദിച്ചാലുടൻ ചാടിയേഴുന്നേറ്റ് ഉത്തരം പറയാറുള്ള മിഥുൻ, ഇന്നലെ അവന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ റൂബി മുന്നിൽ നിന്ന് വിങ്ങിപ്പൊട്ടിയപ്പോഴും ഉണർന്നില്ല.ചിരിമാഞ്ഞ അവനെ കണ്ടപാടെ ടീച്ചർ തളർന്ന് സഹപ്രവർത്തകരുടെ തോളിലേക്ക് മുഖം അമർത്തി.സ്റ്റാഫ് റൂമിലേക്ക് നടക്കുന്നതിനിടയിൽ ടീച്ചർ സ്കൂൾ വരാന്തയിൽ തളർന്നിരുന്നു.ചലനമറ്റ് സ്കൂളിലെത്തിയ മിഥുനെ അറിയാത്ത നൂറുകണക്കിന് പേർ കണ്ടുമടങ്ങുമ്പോഴും ആദ്യം സ്റ്റാഫ് റൂമിലെത്തി മേശയിൽ തലതാഴ്ത്തിവച്ച് വിതുമ്പുകയായിരുന്നു റൂബി ടീച്ചർ.ചിരിമാഞ്ഞ അവന്റെ മുഖം കാണാനുള്ള കരുത്ത് ടീച്ചറുടെ മനസിനുണ്ടായിരുന്നില്ല.അവൻ വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് റൂബി ടീച്ചർ അവസാനമായി കാണാനെത്തിയത്.ഈ അദ്ധ്യയന വർഷമാണ് മിഥുൻ തേവലക്കര ബോയ്സ് എച്ച്.എസിൽ എട്ടാം ക്ലാസിൽ ചേർന്നത്.അതുകൊണ്ട് ടീച്ചർക്ക് ഒന്നരമാസത്തെ പരിചയമേ ഉള്ളു.കെമിസ്ട്രി ക്ലാസിനിടിയിൽ റൂബി ടീച്ചറിന്റെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം പറയുന്നവരുടെ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു.എൻ.സി.സിയിൽ ചേരാൻ ഇഷ്ടമുള്ളവർ എണീക്കാൻ ടീച്ചർ പറഞ്ഞപ്പോൾ ആദ്യം എഴുന്നേറ്റത് മിഥുനായിരുന്നു.