അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇവ ചാടി വീണ് വാങ്ങരുത്,​ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിന്നാലെ,​ തിരിച്ചറിയാൻ വഴിയുണ്ട്

Sunday 20 July 2025 2:08 AM IST

കോട്ടയം : വഴിയോരങ്ങളിൽ നിരത്തിവച്ചിരിക്കുന്ന കൊതിയൂറും മാമ്പഴം വാങ്ങാൻ വരട്ടെ, മായം കലർന്ന മാമ്പഴങ്ങൾ പണി തരാൻ സാദ്ധ്യതയുണ്ട്. വഴിയോരങ്ങളിൽ വിൽക്കുന്നവയാണ് ഇത്തരത്തിലേറെയും. കുറഞ്ഞ വിലയാണ് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ ഇത് എവിടെ നിന്ന് കൊണ്ടുവന്നതെന്ന് പോലും ആരും അന്വേഷിക്കാറില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയും കാര്യക്ഷമമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് മാമ്പഴം ഇറക്കുമതി ചെയ്യുന്നത്. മൂപ്പെത്തും മുൻപ് പറിച്ചെടുത്തവയാണിവ. തോട്ടങ്ങളിൽ വച്ച് തന്നെ കീടനാശിനികൾ തളിക്കുന്നതിനൊപ്പം വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്. നല്ല മഞ്ഞ, ചുവപ്പ് നിറങ്ങൾ കലർന്നതൊക്കെ ലഭിക്കും. വിവിധയിടങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്.

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

മാമ്പഴം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡ് എന്ന രാസവസ്തുവാണ് ചേർക്കുന്നത്. രണ്ടു മാസത്തോളം ചീയാതെ നല്ല കളറിലിരിക്കുമെന്നതിനാൽ കച്ചവടക്കാരുടെ കൈപൊള്ളില്ല. മാങ്ങ നിറച്ച പെട്ടികളിൽ കാൽസ്യം കാർബൈഡ് കടലാസ് പൊതികളിലാക്കി വെയ്ക്കുക, മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങയിൽ വൻതോതിൽ കാർബൈഡ് പൊടി വിതറുക, കാർബൈഡ് ലായനി സ്‌പ്രേ ചെയ്യുക, എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ രീതികളാണ് കൃത്രിമമായി പഴുക്കാനായി ചെയ്യുന്നത്‌. ഇത് കഴിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. ക്യാൻസർ, വായിലെ അൾസർ, ദഹനപ്രശ്നങ്ങൾ എന്നിവയാണ് പ്രധാനം.

തിരിച്ചറിയാൻ വഴിയുണ്ട് ചില ഭാഗങ്ങൾ പഴുത്തതും ചിലത് പഴുക്കാത്തതും ആയി കാണപ്പെടാം കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നതിന് മണം കുറവാണ് കാത്സ്യം കാർബൈഡ് ഉപയോഗിച്ചാൽ മാമ്പഴം തൊടുമ്പോൾ മൃദുലമല്ല

വിലയിങ്ങനെ

നാലു കിലോ : 100

 മൂന്ന് കിലോ : 100

''വിപണികളിൽ ഹാനികരമല്ലാത്ത പഴങ്ങൾ മാത്രമേ വിൽക്കാവൂയെന്നും കൃത്രിമമായി പഴുപ്പിക്കാൻ എഥഫോൺ ലായനി ഉപയോഗിക്കുന്നത് തടയാനും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.

-(എബി ഐപ്പ് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി)