ബ്രിക്സിനെതിരെ ഭീഷണി മുഴക്കി ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയ്ക്കെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിനോട് കളിക്കാൻ ആരെയും ഒരിക്കലും അനുവദിക്കില്ലെന്നും ഗൗരവകരമായി രൂപപ്പെടാൻ ശ്രമിച്ചാൽ ബ്രിക്സ് വളരെ വേഗത്തിൽ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന ഭീഷണി ആവർത്തിക്കുകയും ചെയ്തു. കൂട്ടായ്മ അമേരിക്കൻ വിരുദ്ധമാണെന്ന ട്രംപിന്റെ ആരോപണം ബ്രിക്സ് നേതാക്കൾ നേരത്തെ തള്ളിയിരുന്നു. അന്താരാഷ്ട്ര ഇടപാടുകൾക്ക് യു.എസ് ഡോളറിന് പകരം പുതിയ കറൻസി രൂപീകരിച്ചാലോ മറ്റ് കറൻസിയെ പിന്തുണച്ചാലോ ബ്രിക്സിനെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ, റഷ്യ, ചൈന, ഇറാൻ തുടങ്ങിയ പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.
'അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടു"
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന വാദം ആവർത്തിച്ച് ട്രംപ്. സംഘർഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഏതു രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയില്ല. വ്യാപാര കരാർ മുൻനിറുത്തിയാണ് സംഘർഷം പരിഹരിച്ചതെന്നും യു.എസ് നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. മദ്ധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു. പാകിസ്ഥാൻ വിഷയത്തിൽ ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷിയുടെ മദ്ധ്യസ്ഥ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.