എപ്സ്റ്റീന്റെ പെൺസുഹൃത്ത് ട്രംപിന്റെ കത്ത് ആൽബമാക്കി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവാദ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് അശ്ലീല പരാമർശം അടങ്ങിയ സന്ദേശം അയച്ചെന്ന വിവാദ വെളിപ്പെടുത്തലിൽ വാൾസ്ട്രീറ്റ് ജേർണൽ പിടിവള്ളിയാക്കുന്നത് ഒരു ആൽബം.
ഈ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പേ അത് വ്യാജമാണെന്ന് മർഡോക്കിന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവച്ചില്ലെന്നാണ് ട്രംപിന്റെ നിലപാട്.
എപ്സ്റ്റീന്റെ അടുപ്പക്കാരിയും കുറ്റകൃത്യങ്ങളിൽ പങ്കാളിയുമായ ഗീലെയ്ൻ മാക്‌സ്‌വെൽ ട്രംപിന്റെ സന്ദേശം അടക്കം ആൽബ രൂപത്തിലാക്കിയെന്നും അതിൽ നിന്നാണ് ട്രംപിന്റെ കത്ത് ലഭിച്ചതെന്നും സൂചന. എപ്‌സ്റ്റീൻ കുറ്റവാളിയാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് 2003ൽ ട്രംപ് അടക്കമുള്ള പ്രമുഖർ 50 -ാം പിറന്നാളിന് ആശംസാ സന്ദേശങ്ങൾ അയച്ചുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.
അതിസമ്പന്നനായ അമേരിക്കൻ ധനകാര്യ വിദഗ്ദ്ധനായിരുന്നു ജെഫ്രി എപ്‌സ്റ്റീൻ. ലൈംഗിക കുറ്റവാളി. ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നേരിടുമ്പോഴാണ് 2019ൽ ജയിലിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ടത്.
ട്രംപിന് പുറമേ, മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങി ഉന്നതരുമായും സൗഹൃദം ഉണ്ടായിരുന്നു. കേസിൽ പങ്കുള്ള ഉന്നതരുടെ പേരുകൾ പുറത്തുവരാതിരിക്കാൻ, എപ്സ്റ്റീനെ കൊന്നതാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഗീലെയ്ൻ മാക്‌സ്‌വെൽ ഉൾപ്പെടെയുള്ള കൂട്ടാളികളുടെ സഹായത്തോടെയാണ് കുറ്റകൃത്യങ്ങൾ നടത്തിയത്. ഗീലെയ്ൻ 20 വർഷത്തെ തടവിന് ജയിലിൽ കഴിയുകയാണ്.
# കത്തിലുള്ളത് എന്റെ വാക്കുകളല്ല. ഞാൻ സംസാരിക്കുന്ന രീതിയുമല്ല. ഞാൻ ചിത്രങ്ങൾ വരയ്ക്കാറുമില്ല.
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
----------------------------------