സൗദി രാജകുടുംബാംഗം അൽ-വലീദ് രാജകുമാരൻ അന്തരിച്ചു

Sunday 20 July 2025 7:13 AM IST

റിയാദ്: സൗദി അറേബ്യൻ രാജകുടുംബാംഗം അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് രാജകുമാരൻ (36) അന്തരിച്ചു. കഴിഞ്ഞ 20 വർഷമായി കോമയിൽ കഴിയുകയായിരുന്ന വലീദ് 'സൗദിയിലെ സ്ലീപിംഗ് പ്രിൻസ്" എന്നാണ് അറിയപ്പെട്ടിരുന്നത്.

2005ൽ യു.കെയിലെ മിലിട്ടറി കോളജിൽ പഠിക്കുന്നതിനിടെയുണ്ടായ കാർ അപകടത്തെ തുടർന്ന് തലച്ചോറിന് ഗുരുതര പരിക്കേറ്റതോടെയാണ് വലീദ് കോമയിലായത്. റിയാദിലെ കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ മെക്കാനിക്കൽ വെന്റിലേഷന്റെയും ഫീഡിഗ് ട്യൂബിനെയും ആശ്രയിച്ചാണ് രാജകുമാരൻ ഇത്രയും കാലം ജീവൻ നിലനിറുത്തിയത്.

വലീദിന്റെ പിതാവ് ഖാലിദ് ബിൻ തലാൽ രാജകുമാരൻ ഇന്നലെ എക്സിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. സൗദിയുടെ സ്ഥാപകനായ അബ്ദുൾ അസീസ് രാജാവിന്റെ ചെറുമകനാണ് വലീദിന്റെ പിതാവ് ഖാലിദ് ബിൻ തലാൽ.