നൈജറിൽ ഭീകരാക്രമണം: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
Sunday 20 July 2025 7:13 AM IST
നിയാമെ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. കാശ്മീർ സ്വദേശിയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. കൊല്ലപ്പെട്ടവരിൽ ഒരാൾ ദക്ഷിണേന്ത്യക്കാരനാണെന്നും കൃഷ്ണൻ എന്നാണ് പേരെന്നും തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജാർഖണ്ഡ് സ്വദേശിയായ ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. ജൂലായ് 15ന് ഡോസോ മേഖലയിലായിരുന്നു ആക്രമണമെന്നും രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും നൈജറിലെ ഇന്ത്യൻ എംബസി അറിയിച്ചു. കൊല്ലപ്പെട്ടവർ ഇന്ത്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാൻസ് റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരാണ്. പട്ടാള ഭരണത്തിന് കീഴിലുള്ള നൈജറിൽ ഐസിസ് അടക്കം ഭീകര ഗ്രൂപ്പുകളുടെ ആക്രമണം ശക്തമാണ്.