വിമാന ദുരന്തം: റിപ്പോർട്ടുകൾ തള്ളി യു.എസ് ഏജൻസി
Sunday 20 July 2025 7:13 AM IST
വാഷിംഗ്ടൺ: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഉത്തരവാദി മുഖ്യ പൈലറ്റാണെന്ന വിദേശ മാദ്ധ്യമ റിപ്പോർട്ടുകൾ തള്ളി യു.എസ് ഏജൻസി. അപകട കാരണം സംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകൾ അപക്വവും ഊഹാപോഹവുമാണെന്ന് യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി) മേധാവി ജെന്നിഫർ ഹോമന്റി പറഞ്ഞു. ക്യാപ്‌റ്റൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്‌തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന തരത്തിൽ യു.എസ് മാദ്ധ്യമം വാൾസ്ട്രീറ്റ് ജേർണലാണ് വാർത്ത പുറത്തുവിട്ടത്. അന്വേഷണം പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണത്തിന് പൂർണ പിന്തുണ തുടരുമെന്നും എ.ഐ.ഐ.ബി അറിയിച്ചു. മാദ്ധ്യമ റിപ്പോർട്ടുകൾ തള്ളിയ കേന്ദ്ര സർക്കാർ അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങളൊന്നും വേണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.