ബൊൽസൊനാരോയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രസീൽ

Sunday 20 July 2025 7:13 AM IST

ബ്രസീലിയ : മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രസീൽ. സർക്കാരിനെ അട്ടിമറിക്കാൻ ബൊൽസൊനാരോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ തേടിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ബൊൽസൊനാരോ വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനോ സോഷ്യൽ മീഡിയ ഉപയോഗിക്കാനോ പാടില്ലെന്നും ബ്രസീൽ സുപ്രീംകോടതി ഉത്തരവിട്ടു.

നീക്കങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബൊൽസൊനാരോ കാലിൽ ഇലക്ട്രോണിക് ഉപകരണം ധരിക്കണം. വിദേശ എംബസികളുമായി ബന്ധപ്പെടാനും പാടില്ല. കോടതിയുടെ ഉത്തരവ് പ്രകാരം ബൊൽസൊനാരോയുടെ വീട്ടിലും ഓഫീസിലും പൊലീസ് തെരച്ചിൽ നടത്തി.

ബൊൽസൊനാരോയ്ക്കെതിരെ ബ്രസീൽ രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ബൊൽസൊനാരോയ്ക്കെതിരെയുള്ള കേസുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. ബൊൽസൊനാരോയെ വേട്ടയാടുന്നു എന്ന് കാട്ടി ബ്രസീൽ സുപ്രീംകോടതി ജ‌സ്റ്റിസ് അലക്സാണ്ടർ ഡി മോറായിസിന് യു.എസ് വിസാ നിയന്ത്രണം ഏർപ്പെടുത്തി.

70കാരനായ ബൊൽസൊനാരോ 2019ലാണ് രാജ്യത്തെ പ്രസിഡന്റായത്. 2022ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയ്ക്ക് മുന്നിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബൊൽസൊനാരോ പരാജയപ്പെട്ടത്.