'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഭർത്താവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Sunday 20 July 2025 10:59 AM IST

കൊല്ലം: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്. 'അതു പോയി ഞാനും പോകുന്നു' എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് അതുല്യയുടെ ഒപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ ഇയാൾ പങ്കുവച്ചിരുന്നു. പിറന്നാൾ ദിവസം ഭാര്യക്കൊപ്പമുള്ള ചിത്രവും സതീഷ് പങ്കുവച്ചിരുന്നു.

ഇയാളുടെ ഫേസ്‌ബുക്ക് പേജിൽ അതുല്യയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ഉണ്ട്. മറ്റുള്ളവരുടെ മുന്നിൽ മാതൃകാ ഭർത്താവാകാൻ സതീഷ് ശ്രമിച്ചിരുന്നു. ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ഭർത്താവിൽ നിന്ന് ക്രൂര പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയും ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചില ചിത്രങ്ങളും വീഡിയോകളും അതുല്യ അടുത്ത ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. വീഡിയോയിൽ അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ നിരവധി പാടുകൾ കാണാം. വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും കേൾക്കാം. സെെക്കോയെപ്പോലെയാണ് ഭർത്താവ് പെരുമാറിയിരുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ ഇയാൾ പറയുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.

18-ാം വയസിലാണ് അതുല്യയെ സതീഷ് വിവാഹം കഴിച്ചത്. 48 പവൻ സ്വർണവും ബെെക്കും സ്ത്രീധനമായി നൽകിയെന്നും അതിൽ തൃപ്തിയില്ലാതെയായിരുന്നു ആദ്യ പീഡനമെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. കല്യാണം കഴിഞ്ഞയുടൻ തന്നെ പീഡനം തുടങ്ങി. പിരിയുന്നതിന്റെ വക്കിലെത്തിയപ്പോൾ അവൻ മാപ്പ് പറഞ്ഞ് കാലുപിടിച്ചു. അങ്ങനെയാണ് വീണ്ടും ഒന്നിച്ചതെന്ന് പിതാവ് വ്യക്തമാക്കി.