'അവളുടെ ചിന്തയിൽ അതേ ഫാനിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു'; അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ശങ്കർ
ഷാർജ: ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് ഭർത്താവ് സതീഷ് ശങ്കർ. അതുല്യ പോയതിന് പിന്നാലെ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സതീഷ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താൻ ചെയ്തിരുന്നുവെന്നും സതീഷ് വ്യക്തമാക്കി.
'അതുല്യ ശനിയാഴ്ച മുതൽ ഇവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറാൻ നിൽക്കുകയായിരുന്നു. ശനിയാഴ്ച പോകാനുള്ള വണ്ടി ശരിയാക്കി. സാധനങ്ങളും ഞാൻ വാങ്ങിനൽകി. കെെയിൽ വയ്ക്കാൻ പണവും നൽകിയിരുന്നു. അവധി ദിവസങ്ങളിൽ ഞാൻ അൽപം മദ്യപിക്കാറുണ്ട്. ശരിയാണ്, അത്തരത്തിൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ കൂട്ടുകാരൻ വിളിച്ചു. അങ്ങനെ ഞാൻ പുറത്തുപോയി. 12 മണിയ്ക്കാണ് പോയത്. പുറത്തുപോയിട്ട് വന്നപ്പോൾ ഞാൻ കണ്ടത് അവൾ തൂങ്ങിനിൽക്കുന്നതാണ്. കാൽ തറയിൽ വയ്ക്കാവുന്ന രീതിയിൽ ആണ് നിൽക്കുന്നത്. മൂന്ന് പേർ ചേർന്ന് പിടിച്ചാൽ അനങ്ങാത്ത ഞങ്ങളുടെ കട്ടിൽ ദിശ മാറി കിടക്കുകയായിരുന്നു. അന്ന് അത് ശ്രദ്ധിക്കാൻ പറ്റിയില്ല. പിന്നെയാണ് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചത്. അവൾ എന്റെ കാവി കയിലിയിലാണ് തൂങ്ങിയത്. അവളുടെ ചിന്തയിൽ ഇന്നലെ അവൾ തൂങ്ങിയ അതേ ഫാനിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാനും പൊലീസ് അന്വേഷണത്തിനാണ് കാത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാം'- സതീഷ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരിരീക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30) ആണ് ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.