ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കില്ലെന്ന് എടപ്പാടി

Monday 21 July 2025 1:03 AM IST

ചെന്നൈ: ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ വിഡ്ഢികളല്ലെന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി. 2026ൽ പാർട്ടി ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുമെന്നും ഇ.പി.എസ്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ബൈ ബൈ സ്റ്റാലിൻ" യാത്രയ്ക്കിടെ നാഗപട്ടണത്തിനടുത്ത് തിരുത്തുറൈയിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. തമിഴ്നാട്ടിൽ സഖ്യ സർക്കാർ വരുമെന്ന ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ പ്രസ്താവനയ്ക്ക് മറുപടിയാണ് എടപ്പാടി പറഞ്ഞതെങ്കിലും, ഇത് സ്റ്റാലിനുള്ള മറുപടിയായിട്ടാണ് അവതരിപ്പിച്ചത്. 2026 ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടും. അതിന് ശേഷം ഞങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പാർട്ടികളുമായി സഖ്യമുണ്ടാക്കും. ഞങ്ങൾക്ക് ഒന്നിനെക്കുറിച്ചും ആശങ്കയോ അസ്വസ്ഥതയോ ഇല്ല- എടപ്പാടി പറ‌ഞ്ഞു.

പ്രസംഗത്തിൽ ബാക്കി ഭാഗമെല്ലാം സ്റ്റാലിനെതിരെയുള്ള ആരോപണമായിരുന്നു.

അണ്ണാ ഡി.എം.കെ എൻ.ഡി.എയിൽ തിരിച്ചെത്തിയ ശേഷം തമിഴ്നാട്ടിലെ എൻ.ഡി.എയെ അണ്ണാ ഡി.എം.കെ നയിക്കുമെന്നാണ് കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. എന്നാൽ എടപ്പാടി നയിക്കുമെന്ന് പറഞ്ഞിരുന്നില്ല. സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറച്ചുകാലമായി പരസ്യപ്രസ്താവനയിൽ നിന്നും വിട്ടു നിന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ അമിത്ഷാ പറഞ്ഞതിനെ മുൻനിറുത്തി എൻ.ഡി.എ സഖ്യം തമിഴ്നാട് ഭരിക്കുമെന്ന് പറഞ്ഞിരുന്നു. സഖ്യമായി മത്സരിച്ച് ജയിച്ചാലും മന്ത്രിസ്ഥാനം പങ്കിടുന്ന പതിവ് ഡി.എം.കെയ്ക്കോ അണ്ണാ ഡി.എം.കെയ്ക്കോ ഇല്ല.

എടപ്പാടിയുടെ വിമർശനം വന്നതിനു ശേഷം ബി.ജെ.പി സംസ്ഥാന പ്രസ‌ിഡന്റ് നൈനാർ നാഗേന്ദ്രൻ അദ്ദേഹവുമായി സംസാരിച്ച് അനുനയത്തിലെത്തിച്ചുവെന്നാണ് വിവരം.