പ്രതിഷേധപ്രകടനം,​ ബർത്ത്ഡേ പാർട്ടി,​ വീഡിയോ ഷൂട്ടിംഗ് .... രക്ഷിച്ചേ പറ്റു,​ മാടായിപ്പാറയിലെ ജൈവവൈദ്ധ്യത്തെ

Sunday 07 September 2025 8:58 PM IST

കണ്ണൂർ: അപൂർവ്വ സസ്യ ജൈവ വൈവിധങ്ങളുടെ കലവറയും ദേശാടനപ്പക്ഷികളുടെ താവളവും ചരിത്ര,​വിശ്വാസ ഭൂമികയുമായ മാടായിപ്പാറയുടെ ജൈവീകത തകർത്തുകളയുന്നതിനെതിരെ പരാതി ഉയരുന്നു.കഴിഞ്ഞ ദിവസം പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുയർത്തി നടന്ന പ്രതിഷേധപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് മാടായിപ്പാറ സംരക്ഷണസമിതി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

പ്രതിഷേധിക്കാൻ വിശാലമായ റോഡുണ്ടായിരിക്കെ ജൈവകേന്ദ്രത്തിൽ കടന്നുകയറി സസ്യങ്ങൾ ചവിട്ടിമെതിച്ച് നടത്തിയ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകരുടെ പ്രവൃത്തി തെറ്റായ പ്രവണതയാണ്.നാളെ മറ്റു സംഘടനകൾക്കും ആൾകൂട്ടങ്ങൾക്കും ഇവിടെ വന്ന് എന്തും ചെയ്യാനുള്ള പ്രേരണയാണ് ഇതിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്ര ഭരണാധികാരികളുടെയോ സർക്കാറിന്റെയോ അനുമതിയോടെ വന്നാലും എതിർക്കുമെന്നും സംരക്ഷണ സമിതി ചെയർമാൻ പി.പി.കൃഷ്ണൻ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരും ജൈവവൈവിധ്യ പഠനസംഘങ്ങളും വളരെ സൂക്ഷ്മതയോടെയാണ് പാറയിൽ വന്നു പോകുന്നത്.

വരുംതലമുറക്ക് കൈമാറണം

വൻ ലിഗ്‌നൈറ്റ് ഖനനപദ്ധതിയിൽ നിന്ന് മാടായിപ്പാറയെ രക്ഷിച്ചത് മാടായിപ്പാറ സംരക്ഷണ സമിതിയായിരുന്നു. സന്ദർശകർ ഭക്ഷണ ഉച്ചിഷ്ടങ്ങളും പ്ലാസ്റ്റിക്ക് വസ്തുക്കളും ഇട്ടുപോകുന്നതിനെതിരെയും വാഹനങ്ങൾ കയറ്റിയും ചവിട്ടിമെതിച്ചും സസ്യ ജൈവീകതക്ക് നാശമുണ്ടാക്കുന്നതും പതിവാണ്. ഇതിനെതിരെ നിരന്തരമായി മാടായിപ്പറ സംരക്ഷണ സമിതി പോരാട്ടത്തിലാണ്. കൂട്ടത്തോടെ വന്ന് ബർത്ത്‌ഡേ പാർട്ടിയും ഡാൻസും ഷൂട്ടിംഗും നടത്തുന്ന പ്രവണതയും ഇവിടെയുണ്ട്. ഇതിനെതിരെ നിരന്തരമായി പൊലീസിൽ പരാതിയും നൽകുന്നു. മിക്കതിലും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവുണ്ട് കേരള ഹൈക്കോടതി ഡബ്ളു . പി ( സി ) നമ്പർ. 4382/2019 പ്രകാരം നാലാം കക്ഷിയായ കണ്ണൂർ പൊലീസ് മേധാവിയോടും 5 ാം കക്ഷിയായ പഴയങ്ങാടി പൊലീസിനോടും മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കാൻ നിർദ്ദേശിച്ച് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. മാടായിപ്പാറയിലെ ജൈവ വൈവിധ്യത്തിന് പോറലേക്കുന്ന തെറ്റായ പ്രവൃത്തി ആരിൽ നിന്നുണ്ടായാലും പൊലീസ് നടപടിയെടുക്കേണ്ടതുണ്ട്.