കെ.എസ്.ഇ.ബി കരാറുകാരെ അവഗണിക്കരുത്
അഞ്ചൽ: ഇലക്ട്രിസിറ്റി ബോർഡിന്റെ വൈദ്യുതി വിതരണ മേഖലയിൽ ജോലി ചെയ്യുന്ന കരാറുകാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകാൻ നടപടി ഉണ്ടാകണമെന്നും കെ.എസ്.ഇ.ബി. കോൺട്രാക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഓണനാളിൽ പോലും പട്ടിണിയിലാണ്. മുൻ കാലങ്ങളിൽ കരാറുകാർക്ക് ഓണത്തിന് മുമ്പ് മുഴുവൻ ബില്ലുകളും പാസാക്കി നൽകിയിരുന്നു. എന്നാൽ ഇത്തവണ പാസായ ബില്ലുകൾ പോലും നൽകാൻ അധികൃതർ തയ്യാറായില്ല. ബില്ലുകൾ കിട്ടാത്തതുമൂലം തൊഴിലാളികൾക്ക് കൂലിനൽകാനും കഴിഞ്ഞില്ല. ബോർഡിന്റെ ജീവനക്കാർക്ക് ഓണത്തിന് മുമ്പ്തന്നെ എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടും കരാറുകാരോട് പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിച്ചത്. ഈ നയം തുടർന്ന ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എ.ഗോപി, സെക്രട്ടറി മണി തിലകൻ എന്നിവർ പറഞ്ഞു.