തൽസമയം ചോദ്യപേപ്പർ ദൃശ്യം സുഹൃത്തിന്, പിന്നാലെ ഉത്തരം; കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹെെടെക്  കോപ്പിയടി

Saturday 27 September 2025 8:31 PM IST

കണ്ണൂർ: കണ്ണൂരിൽ പിഎസ്‌സി പരീക്ഷയ്ക്കിടെ ഹെെടെക് കോപ്പിയടി. ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയായിരുന്നു ക്യാമറയും ബ്ലൂടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചുള്ള കോപ്പിയടി നടന്നത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സർക്കാർ സ്കൂളിലായിരുന്നു സംഭവം.

ഇയാൾ നേരത്തെ പിഎസ്‌സിയുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വസ്ത്രത്തിൽ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങൾ കെെമാറുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്.

പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോൾ മുഹമ്മദ് സഹദ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് പിടികൂടി.