ഭൂമിതരം മാറ്റൽ നടപടി വേഗത്തിലാക്കും:മന്ത്രി രാജൻ
Saturday 04 October 2025 12:32 AM IST
തൃശൂർ:ഭൂമിതരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭൂമി തരംമാറ്റം സംസ്ഥാനതല അദാലത്ത് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഉദ്യോഗസ്ഥതല അദാലത്തിൽ തീർപ്പുകൽപ്പിക്കാത്ത 6,714 അപേക്ഷകളിൽ 3,073 അപേക്ഷകൾ തീർപ്പാക്കിയതായി അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് 25 സെന്റ് വരെയുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളതുമായ ഫോറം ആറ് അപേക്ഷകൾക്കായി നവംബർ 15 വരെ ജില്ലാതല അദാലത്ത് നടത്തുന്നത്.ഡിസംബറോടെ 25 സെന്റ് ഭൂമി വരെയുള്ള അപേക്ഷകൾ തീർപ്പാക്കും.തരംമാറ്റത്തിന്റെ ഭാഗമായുള്ള അദാലത്തുകൾ സ്ഥിരം സംവിധാനമാക്കണമെന്നും മന്ത്രി പറഞ്ഞു.പത്രസമ്മേളനത്തിൽ റവന്യൂ സെക്രട്ടറി എം.ജി.രാജമാണിക്യം, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും പങ്കെടുത്തു.