ടെലിവിഷൻ നടിക്ക് അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു; നടൻ ഹേമന്ത് കുമാർ അറസ്റ്റിൽ

Tuesday 07 October 2025 5:07 PM IST

ബംഗളൂരു: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കന്നഡ നടനും നിർമ്മാതാവുമായ ഹേമന്ത് കുമാർ അറസ്റ്റിൽ. ടെലിവിഷൻ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നിവ ചുമത്തി രാജാജിനഗർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 2022ൽ ഹേമന്ത് നടിയെ സമീപിച്ച് '3' എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു കരാർ ഒപ്പിട്ടെന്നും അതിൽ 60,000 രൂപ മുൻകൂറായി നൽകിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പിന്നീട്, ഹേമന്ത് സിനിമയുടെ ഷൂട്ട് വൈകിപ്പിച്ചു. അർദ്ധ നഗ്നമായ വസ്ത്രങ്ങൾ ധരിക്കാൻ ആവശ്യപ്പെട്ടു. അശ്ലീല രംഗങ്ങൾ അവതരിപ്പിക്കാൻ നിർബന്ധിച്ച് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിക്കാരി ആരോപിച്ചു. ചിത്രീകരണത്തിനിടെ നടൻ തന്നോട് മോശമായി പെരുമാറിയെന്നും അനുസരിക്കാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു. പിന്നീട് ഫിലിം ചേംബർ വഴിയുള്ള മധ്യസ്ഥതയിലൂടെയാണ് നടിയുടെ സീൻ ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിനുശേഷവും ഹേമന്ത് നടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.

2023ൽ മുംബയിൽ നടന്ന ഒരു പ്രമോഷൻ പരിപാടിക്കിടെ ഹേമന്ത് തനിക്ക് മദ്യം കലർത്തി നൽകി വീഡിയോ ചിത്രീകരിച്ചുവെന്നും, പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിക്കുന്നു. സെൻസർ ബോർഡിന്റെ അനുമതിയില്ലാതെ എഡിറ്റ് ചെയ്തതും സെൻസർ ചെയ്യാത്തതുമായ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, നടിയുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചു, പരസ്യമായി അപകീർത്തിപ്പെടുത്തി എന്നീ കുറ്റങ്ങളും നടനെതിരെ ചുമത്തിയിട്ടുണ്ട്.