സുരക്ഷ പുനഃസ്ഥാപിക്കണം: ഉന്നാവ് ഇരയുടെ കുടുംബം

Wednesday 08 October 2025 2:51 AM IST

ന്യൂഡൽഹി: സി.ആർ.പി.എഫ് സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നാവ് പീഡനക്കേസ് ഇരയുടെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. തനിക്കും അടുത്ത കുടുംബാംഗങ്ങൾക്കും വധഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് വാദം. വിഷയത്തിൽ ഇടപെട്ട ജസ്റ്രിസുമാരായ പങ്കജ് മിത്തൽ,പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാരിൽ നിന്ന് റിപ്പോ‌ർട്ട് തേടി. സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് പരിശോധിച്ച് രണ്ടാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമ‌ർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. നിലവിൽ ഇരയ്‌ക്ക് മാത്രമാണ് സി.ആർ.പി.എഫ് സുരക്ഷയുള്ളത്. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് കുടുംബാംഗങ്ങൾക്കും അഭിഭാഷകനും സാക്ഷികൾക്കും നൽകിയിരുന്ന സുരക്ഷ പിൻവലിക്കാൻ സുപ്രീംകോടതി ഇക്കഴിഞ്ഞ മാർച്ചിൽ അനുമതി നൽകിയിരുന്നു. കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗർ അടക്കം പ്രതികളെ ശിക്ഷിച്ച സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ അഭ്യർത്ഥന. ഇരയ്‌ക്കുള്ള സുരക്ഷാ അകമ്പടി തുടരട്ടെയന്ന് കോടതി നിലപാടെടുത്തു.