പാമ്പിനെ ഏറ്റെടുത്തത് 18 മണിക്കൂറിന് ശേഷം: മലമ്പാമ്പിനെ വനംവകുപ്പ് ഏറ്റെടുക്കാൻ  വൈകിയത് വീട്ടുകാരെ വട്ടംചുറ്റിച്ചു

Thursday 09 October 2025 1:33 AM IST
മലമ്പാമ്പിനെ ചാക്കിലാക്കി വീട്ടിൽ സൂക്ഷിച്ചപ്പോൾ

ആലുവ: നാട്ടുകാർ പിടികൂടിയ മലമ്പാമ്പിനെ വനംവകുപ്പ് ഏറ്റെടുക്കാൻ വൈകിയത് വീട്ടുകാരെ പുലിവാൽ പിടിപ്പിച്ചു. ചാക്കിലാക്കി വീട്ടിൽ സൂക്ഷിച്ച പാമ്പിനെ വനംവകുപ്പ് ഏറ്റെടുത്തത് 18 മണിക്കൂറിന് ശേഷം.

കിഴക്കെ കടുങ്ങല്ലൂരിൽ വേണുഗോപാലിന്റെ വീട്ടുവളപ്പിലേക്ക് മലമ്പാമ്പ് ഇഴഞ്ഞുകയറുന്നത് ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഓട്ടോറിക്ഷയിൽ പോയവരാണ് കണ്ടത്. വീട്ടുകാരെ അറിയിച്ചപ്പോഴേക്കും പാമ്പ് ചെടികൾക്കിടയിലേക്ക് കയറി. മലയാറ്റൂർ ഫോറസ്റ്റ് അധികൃതർ നൽകിയ നമ്പറുകളിൽ പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. ഫോണെടുത്ത ഏക വനിത അസമയത്ത് എത്താനുള്ള ബുദ്ധിമുട്ടറിയിച്ചു. രണ്ടു മണിയോടെ പ്രാദേശിക പാമ്പുപിടിത്തക്കാരൻ ഏലൂക്കര സ്വദേശി ഹംസയെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി.

തുടർന്ന് വനംവകുപ്പിനെ അറിയിച്ചപ്പോൾ രാവിലെ വാഹനവുമായി എത്താമെന്ന് ഉറപ്പുനൽകിയെങ്കിലും വൈകുന്നേരമായിട്ടും എത്തിയില്ല. ചാക്കിനകത്തുള്ള പാമ്പ് ഇടക്കിടെ ശൗര്യം പ്രകടിപ്പിക്കുന്നത് വീട്ടുകാരെ ഭീതിയിലാഴ്ത്തി. വീട്ടുകാർക്ക് പുറത്തുപോകാനാകാത്ത അവസ്ഥയുമായി. ഒടുവിൽ രാത്രി എട്ടോടെയാണ് വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയത്.

കിഴക്കെ കടുങ്ങല്ലൂർ പ്രദേശത്ത് മലമ്പാമ്പിന്റെ ശല്യം വർദ്ധിച്ചിട്ടുണ്ട്. അടുത്തിടെ രണ്ടു മലമ്പാമ്പിനെയും മൂർഖനെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു. പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന പറമ്പുകൾ വെട്ടിത്തെളിക്കാത്തതാണ് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്ന് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി പറഞ്ഞു.