അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

Tuesday 14 October 2025 9:54 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിൽ കുപ്‌വാര ജില്ലയിലെ നിയന്ത്രണരേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ നുഴഞ്ഞുകയറ്റക്കാർക്ക് നേരെ സൈന്യം വെടിയുതിർത്തു. സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.

കഴിഞ്ഞയാഴ്ച മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും ഭീകരർ നുഴഞ്ഞുകയറ്റത്തിനായി മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സുരക്ഷാ സേന കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചിരുന്നു. ജമ്മു കാശ്മീരിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ ഒക്ടോബർ ഒമ്പതിന് ഡൽഹിയിൽ അമിത് ഷാ വിളിച്ചുചേർത്ത ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് നിർദ്ദേശം നൽകിയത്.

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, കരസേനാ മേധാവി, ജമ്മു കാശ്മീർ ചീഫ് സെക്രട്ടറി, ഡിജിപി, കേന്ദ്ര സായുധ പൊലീസ് സേനകളുടെ (സിഎപിഎഫ്) ഡയറക്ടർ ജനറൽമാർ, കേന്ദ്ര സർക്കാരിന്റെയും സൈന്യത്തിന്റെയും ജമ്മു കാശ്മീർ ഭരണകൂടത്തിന്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.