ഉപയോഗിച്ചത് നിരോധിത പെലാജിക് നെറ്റ്; പിടിച്ചെടുത്ത ബോട്ടിൽ മലയാളികളുടെ പ്രിയ മത്സ്യം, 5,000 കിലോ; കർശന നടപടി

Thursday 16 October 2025 3:49 PM IST

കൊടുങ്ങല്ലൂർ : സ്‌പെഷ്യൽ പെർമിറ്റ് ഇല്ലാതെ നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച കർണാടകയിലെ രണ്ട് ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പ് 15 ലക്ഷം രൂപ പിഴ ചുമത്തി. ആകെ 21.60 ലക്ഷം ഇരുബോട്ടിൽ നിന്നും പിഴയിനത്തിൽ ലഭിച്ചു. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980ൽ നിലവിൽ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക പിഴയിനത്തിൽ ഫിഷറീസ് വകുപ്പ് ഇടാക്കുന്നത്. പിടിച്ചെടുത്ത ബോട്ടിൽ നിന്നും കണ്ടുകെട്ടിയ ഉപയോഗ യോഗ്യമായ മത്സ്യങ്ങൾ അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ വെച്ച് പരസ്യലേലം ചെയ്തുകിട്ടിയ 6.60 ലക്ഷമുൾപ്പെടെയാണ് ഇത്രയും തുക ലഭിച്ചത്.

നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകളെ കഴിഞ്ഞ ശനിയാഴ്ച കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തടഞ്ഞുവെച്ച് അഴീക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിച്ചിരുന്നു. ഇവർ രണ്ട് പട്രോളിംഗ് ബോട്ടിലെത്തിയാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേരള തീരത്ത് അന്യസംസ്ഥാന മത്സ്യബന്ധന യാനങ്ങൾക്ക് 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്തുന്നതിന് സ്‌പെഷ്യൽ പെർമിറ്റ് വേണം. ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ സി.കെ.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പെർമിറ്റില്ലാതെയാണ് മത്സ്യബന്ധനമെന്ന് കണ്ടെത്തി. നിരോധിച്ച മൂന്ന് പെലാജിക് വലകൾ രണ്ട് ബോട്ടിൽ നിന്നായി പിടിച്ചെടുത്തിരുന്നു.

16 സെന്റീമീറ്ററിൽ താഴെ (പരിധിയിലും താഴെയുള്ള) വലിപ്പമുളള അയ്യായിരം കിലോ അരണമത്സ്യം ബോട്ടിൽ നിന്നും പിടിച്ചെടുത്തു. ബോട്ടുകളിൽ നിന്നും കണ്ടുകെട്ടിയ ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. കർണാടക മംഗലാപുരം ജില്ലയിൽ മുഹമ്മദ് ഇഫ്ത്തിക്കർ എന്നയാളുടെയും മംഗലാപുരം ജില്ലയിലെ റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടാണ് പിടിച്ചെടുത്തത്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് പതിനഞ്ച് ലക്ഷം പിഴ ഈടാക്കി.

റെക്കാഡ് പിഴ ഇങ്ങനെ

പരിധിയിലും താഴെ വലിപ്പമുള്ള മത്സ്യം പിടിച്ചതിന്

സ്പെഷ്യൽ പെർമിറ്റില്ലാത്തതിന്

നേരിട്ടുള്ള പിഴ 15 ലക്ഷം

പിടിച്ചെടുത്ത ബോട്ടിലെ മത്സ്യം വിറ്റ വകയിൽ

6.60 ലക്ഷം