കശുഅണ്ടി അഴിമതിയിൽ പ്രോസിക്യൂഷൻ അനുമതി സർക്കാർ വീണ്ടും തള്ളി

Wednesday 29 October 2025 1:30 AM IST

തിരുവനന്തപുരം: കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകില്ല. ഐ.എൻ.ടി.യു.സി നേതാവായ മുൻ ചെയർമാൻ ആർ.ചന്ദ്രശേഖരൻ പ്രതിയായ കേസിലാണ് സർക്കാർ വീണ്ടും അനുമതി നിഷേധിച്ചത്. തീരുമാനം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

കശുഅണ്ടി വികസന കോർപ്പറേഷനിൽ 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇരുവർക്കുമെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അനുമതി അപേക്ഷ സർക്കാർ മടക്കിയത്. ചന്ദ്രശേഖരനും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി ചട്ടങ്ങൾ ലംഘിച്ച് കശുഅണ്ടി ഇറക്കുമതി ചെയ്‌തത് വഴി കോർപ്പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് കേസ്. കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ നേരത്തെയും സംസ്ഥാന സർക്കാർ സി.ബി.ഐയുടെ പ്രോസിക്യൂഷൻ അനുമതിക്ക് അപേക്ഷ മടക്കിയിരുന്നു.