"വിജയ് കരൂർ സന്ദർശിക്കാത്തത്‌ നിരാശാജനകം"; നഷ്ടപരിഹാരത്തുക തിരികെ നൽകി ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ

Wednesday 29 October 2025 7:53 AM IST

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ. കരൂരിൽ നടന്ന ടിവികെ റാലിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാളാണ് പണം തിരികെ അയച്ചത്.

അനുശോചനം അറിയിക്കാൻ വിജയ് കരൂരിൽ എത്താത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുവതി പറഞ്ഞു. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതമാണ് വിജയ് നൽകിയത്.

മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വിജയ് കരൂരിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പകരം മരിച്ചവരുടെ കുടുംബങ്ങളെ മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് ക്ഷണിക്കുകയും അവരുമായി തന്റെ ദുഃഖം പങ്കുവെക്കുകയുമാണ് ചെയ്തത്.

തന്നെ വിജയ് സന്ദർശിക്കാത്തത് അസ്വസ്ഥതയുണ്ടാക്കിയെന്ന് സംഗവി പെരുമാൾ പ്രതികരിച്ചു. ഒരാഴ്ച മുമ്പാണ് പണം അക്കൗണ്ടിലെത്തിയതെന്ന് യുവതി വ്യക്തമാക്കി. റിസോർട്ടിലേക്ക് ബന്ധുക്കളെ വിളിച്ചതോടെ ഇരുപത് ലക്ഷം തിരിച്ചയക്കുകയായിരുന്നു. 'വിജയ് കരൂർ സന്ദർശിച്ച് എന്നെയും മറ്റ് ദുരിതബാധിതരെയും ആശ്വസിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്റെ സമ്മതമില്ലാതെ, ചില ടിവികെ പ്രവർത്തകർ ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ മാമല്ലപുരത്തേക്ക് കൊണ്ടുപോയി. അദ്ദേഹം കരൂർ സന്ദർശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാൽ, ഞാൻ പണം തിരികെ നൽകി'- യുവതി പറഞ്ഞു.