ലുലു മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കാമോ? നിർണായക ഉത്തരവുമായി ഹൈക്കോടതി

Wednesday 29 October 2025 10:35 AM IST

കൊച്ചി: ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെ പാർക്കിംഗ് മേഖലയിൽ നിന്ന് ഫീസ് പിരിക്കുന്നതിന് നിയമവിലക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. ലുലുമാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്‌ത് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബോസ്‌കോ കളമശേരി ആണ് അപ്പീൽ നൽകിയത്.

ഫീസ് പിരിക്കുന്നത് വേണമോ വേണ്ടയോ എന്നത് കെട്ടിട ഉടമയ്‌‌ക്ക് തീരുമാനിക്കാമെന്നും നിശ്ചിത പാർക്കിംഗ് സൗകര്യം വേണമെന്ന് മാത്രമേ കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടത്തിൽ പറയുന്നുള്ളുവെന്നും വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതാണ് ‌ഡിവിഷൻ ബെഞ്ചും ശരിവച്ചിരിക്കുന്നത്.