തക്കാളി ഉണ്ടെങ്കിൽ 10 മിനിട്ട് കൊണ്ട് മുറുക്ക് റെഡി; ഉണ്ടാക്കാൻ വളരെ എളുപ്പം

Wednesday 29 October 2025 4:30 PM IST

ചായയുടെ കൂടെയും അല്ലാതെയും മുറുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. വിവിധതരം മുറുക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ വാങ്ങി കഴിക്കുന്നതിനെക്കാൾ നല്ലത് വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്. ആരോഗ്യത്തിനും അതാണ് ഗുണകരം. വളരെ എളുപ്പത്തിൽ എങ്ങനെ തക്കാളി മുറുക്ക് ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. തക്കാളി - നാല്
  2. വെളുത്തുള്ളി - അഞ്ച് അല്ലി
  3. ഉണക്കമുളക് - നാല്
  4. അരിപ്പൊടി - ഒരു കപ്പ്
  5. കടലമാവ് - അരകപ്പ്
  6. മുളകുപൊടി - ഒരു ടീ‌സ്‌പൂൺ
  7. കാശ്മീരിമുളകുപൊടി - ഒരു ടീസ്പൂൺ
  8. വെണ്ണ - ഒന്നര ടീ‌സ്പൂൺ
  9. ജീരകം - ഒരു ടീസ്പൂൺ
  10. കറുത്ത എള്ള് - ഒരു ടീസ്പൂൺ
  11. കായപ്പൊടി - അര ടീസ്പൂൺ
  12. വെള്ളിച്ചെണ്ണ
  13. ഉപ്പ്
  14. നാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് തക്കാളി, വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ഇട്ട് നല്ലപോലെ തിളപ്പിക്കുക. ശേഷം അതിൽ നിന്ന് ഇവ എടുത്ത് തണുക്കാൻ വയ്ക്കണം. തണുത്തശേഷം തക്കാളിയുടെ തൊലി മാറ്റി ഒരു സ്പൂൺ ജീരകം കൂടി ചേർത്ത് ഇവ അരച്ചെുക്കാം (വെള്ളം ചേർക്കരുത്). ഇനി ഒരു ബൗളിലേക്ക് അരിപ്പൊടി, കടലമാവ്, മുളകുപൊടി,കാശ്മീരിമുളകുപൊടി, കായപ്പൊടി, ഉപ്പ്, കുറച്ച് നാരങ്ങ നീര്, കറുത്ത എള്ള് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

വെണ്ണയും ഇതിൽ ഉരുക്കി ഒഴിക്കുക. ശേഷം അരച്ചുവച്ച തക്കാളി കൂടി ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കണം (ചപ്പാത്തിയുടെ മാവ് പോലെ വേണം കുഴച്ചെടുക്കാൻ). ഇനി മുറുക്ക് ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ച പിഴിഞ്ഞെടുക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് വേണം മുറുക്ക് പിഴിഞ്ഞ് ഇടാൻ. ചെറിയ തീയിൽ മുറുക്ക് നന്നായി വറുത്ത് എടുക്കുക. വളരെ ടേസ്റ്റിയായ തക്കാളി മുറുക്ക് റെഡി.