ലോക്കപ്പിനുള്ളിൽ വിവസ്ത്രനായി ഡാൻസും പാട്ടും; പൊലീസിനെ ഭീഷണിപ്പെടുത്തി ആയുധക്കടത്ത്  കേസിലെ  പ്രതി 

Wednesday 29 October 2025 6:39 PM IST

ന്യൂഡൽഹി: ആയുധക്കടത്ത് കേസിലെ പ്രതി ലോക്കപ്പിനുള്ളിൽ വസ്ത്രം ധരിക്കാതെ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ഷഹബാസാണ്(24) കൊൽക്കത്തയിലെ എക്ബാൽപൂർ പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഇന്നലെ രാത്രിയിലാണ് പൊലീസിനെ ഞെട്ടിച്ച സംഭവം. അനധികൃതമായി തോക്കുകൾ കടത്തിയതിനാണ് ഷഹബാസിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയിൽ ഷഹബാസ് പെട്ടെന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലോക്കപ്പിനുള്ളിൽ അശ്ലീല ഗാനങ്ങൾ പാടുകയും നൃത്തം ചെയുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആകർഷിക്കാനായിരുന്നു ഇത്. 'പ്ലഗ ഷഹബാസ്' എന്നും അറിയപ്പെടുന്ന ഷഹബാസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസമയത്ത് വനിതാ ഓഫീസർമാരും ഉണ്ടായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് സമയമെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹബാസിനെതിരെ പൊലീസ് ഔദ്യോഗിക പരാതി ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.