റബർ വ്യാപാരസ്ഥാപനത്തി​ൽ നി​ന്ന് 30,000രൂപ കവർന്ന പ്രതി പിടിയിൽ

Thursday 30 October 2025 1:17 AM IST

* നിർണായകമായത് 'ക്രിയേറ്റീവ് അരയങ്കാവ്' കൂട്ടായ്മയുടെ സഹായം

മുളന്തുരുത്തി: ഒക്ടോബർ 18ന് അരയങ്കാവിലെ ജിനു റബേഴ്സിൽനിന്ന് 30,000 രൂപകവർന്ന കേസിലെ പ്രതി ജിൻസ് തോമസിനെ അറസ്റ്റുചെയ്തു. അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പൊലീസ് അറസ്റ്റുചെയ്ത ഇയാൾ തന്നെയാണ് അരയങ്കാവിലെ മോഷണവും നടത്തിയതെന്ന് മുളന്തുരുത്തി പൊലീസ് സ്ഥിരീകരിച്ചു. മോഷ്ടാവിനെ തിരിച്ചറിഞ്ഞത് സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ്.

ജാതിപത്രി ചോദിച്ചെത്തിയാണ് പ്രതി ജിനു റബേഴ്സിൽനിന്ന് പണം കവർന്നത്. മോഷണത്തി​നുശേഷം പ്രതി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പല റൂട്ടുകളിലൂടെ വാഹനവുമായി സഞ്ചരിച്ചത് അന്വേഷണത്തിന് വെല്ലുവിളിയായി. എന്നാൽ രണ്ട് ജില്ലകളിലായി അമ്പതി​ലധികം സി.സി ടിവി ക്യാമറകൾ പരിശോധിച്ച് പ്രതി സഞ്ചരിച്ച വഴികളിലെ മുഴുവൻ ദൃശ്യങ്ങളും ശേഖരിക്കുകയായിരുന്നു. അന്വേഷണത്തിൽ വഴിത്തിരിവായത് അരയങ്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്രിയേറ്റീവ് അരയങ്കാവ്' എന്ന കൂട്ടായ്മയിലെ യുവാക്കളുടെ സജീവപങ്കാളിത്തമാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങൾ പൊലീസിനെ സഹായിക്കുകയും ദൃശ്യങ്ങൾ ശേഖരിച്ച് മുളന്തുരുത്തി പൊലീസിന് കൈമാറുകയുംചെയ്തു. ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ ശ്രമഫലമായാണ് പ്രതിയിലേക്ക് എത്താനും കുറ്റവാളിയെ കണ്ടെത്തുവാനും സഹായി​ച്ചത്. പ്രതിയെ അരയങ്കാവിലെ കച്ചവടക്കാരൻ തിരിച്ചറിഞ്ഞു. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ മുളന്തുരുത്തി​ പൊലീസ് അപേക്ഷ നൽകി.