തലസ്ഥാനം വർഷങ്ങളായി നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു, ഒരു മാസത്തിനകം പദ്ധതിക്ക് തുടക്കമാകും
തിരുവനന്തപുരം : ആക്കുളം, വേളി ജലാശയങ്ങളിലെയും പാർവതി പുത്തനാറിലെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കുളവാഴകൾ ശാസ്ത്രീയമായി നീക്കം ചെയ്ത് സംസ്‌കരിക്കാൻ തീരുമാനം. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
മറ്റ് ജില്ലകളിൽ നടത്തിയ സമാന പദ്ധതികളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ചില പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും കമ്മീഷൻ സിറ്റിംഗിൽ ഹാജരായ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഇവ പരിശോധിച്ച് ഒരു അഡീഷണൽ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
പാർവ്വതിപുത്തനാർ ആരംഭിക്കുന്ന പൂന്തുറ മുതൽ അവസാനിക്കുന്ന വേളി കായൽ വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും അറവുമാലിന്യങ്ങളും നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സ്ഥല സൗകര്യം ഉൾപ്പെടെയുള്ള പ്രൊപ്പോസലുകൾനഗരസഭയുടെ സഹകരണത്തോടെ ഇൻലന്റ് നാവിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കാലതാമസം കൂടാതെ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പ്രൊപ്പോസൽ ലഭിച്ചാൽ ഫണ്ട് അനുവദിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കരിയൽ തോടും പട്ടം തോടും വൃത്തിയാക്കാനുള്ള നടപടികൾ മൈനർ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഉള്ളൂർ തോട്ടിലെ മാലിന്യങ്ങൾ നീക്കാൻ മേജർ ഇറിഗേഷൻ നടപടിയെടുക്കണം.
ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ നടത്തിയ യോഗത്തിന്റെ തീരുമാനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ യോഗം വിളിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് 2026 ജനുവരിയിൽ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.