ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ക്ക് ബാധകം, നാളെ മുതല്‍ ബാങ്കിംഗില്‍ വരുന്ന മാറ്റങ്ങള്‍

Friday 31 October 2025 11:29 PM IST

നവംബര്‍ ഒന്ന് മുതല്‍ ബാങ്കിംഗ് മേഖലയിലെ നിരവധി കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരികയാണ്. ബാങ്കിംഗ് മേഖലയ്ക്ക് പുറമേ പെന്‍ഷന്‍, ആധാര്‍, ജിഎസ്ടി എന്നിവയുടെ കാര്യത്തിലും ശനിയാഴ്ച മുതല്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നികുതി ഫയല്‍ ചെയ്യുന്നതിലും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളിലും ഗൂഗിള്‍ പേ പോലുള്ള യുപിഐ പണമിടപാടുകളിലും മാറ്റങ്ങളുണ്ടാകും.

അക്കൗണ്ടിലേക്കോ ലോക്കറിലേക്കോ അല്ലെങ്കില്‍ സുരക്ഷിത കസ്റ്റഡിയിലേക്കോ നാലുപേരെ വരെ നാമനിര്‍ദേശം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബാങ്കിങ് മേഖലയിലെ മാറ്റം. അടിയന്തര സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഫണ്ട് ലഭിക്കാന്‍ ഈ മാറ്റം സഹായിക്കും. ഒരു ശതമാനം വരെ ഫീസ് ഏര്‍പ്പെടുത്തുന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളിലെ മാറ്റം. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പേമെന്റുകള്‍ക്കാണ് ഒരു ശതമാനം ഫീസ് ഏര്‍പ്പെടുത്തുക.

അതേസമയം, എല്ലാ ബാങ്കുകള്‍ക്കും ഒരുപോലെയായിരിക്കില്ല നിരക്ക് ഈടാക്കുക. ഒരു ശതമാനം മുതല്‍ എന്നത് അതാത് ബാങ്കുകള്‍ക്ക് തീരുമാനിക്കാം. അതുകൊണ്ട് തന്നെ വിവിധ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് ഫീസിന്റെ കാര്യവും വ്യത്യാസപ്പെടാം. ജിഎസ്ടിയുടെ കാര്യത്തില്‍ അഞ്ച് ശതമാനവും 18 ശതമാനവും എന്ന നിലയിലേക്കാണ് നികുതി സ്ലാബുകള്‍ മാറുന്നത്. ആഡംബര വസ്തുകള്‍, പുകയില, മദ്യം തുടങ്ങിയവക്ക് 40 ശതമാനം നിരക്ക് ബാധകമാകും.

ആധാറില്‍ പൗരന്മാരുടെ ജനനതീയതി, പേര്, വിലാസം, മൊബൈല്‍ഫോണ്‍ നമ്പര്‍ എന്നിവ ഓണ്‍ലൈന്‍ വഴി അനുബന്ധ രേഖകള്‍ ഇല്ലാതെ തന്നെ പുതുക്കാം എന്ന മാറ്റമാണ് യുഐഡിഎഐ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വിരലടയാളം, ഐറിസ് സ്‌കാന്‍ തുടങ്ങിയ ബയോമെട്രിക് അപ്ഡേറ്റുകള്‍ നടത്തുന്നതിന് ആധാര്‍ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ തന്നെ ആശ്രയിക്കേണ്ടി വരും. പുതിയ ഫീസ് ഘടന പ്രകാരം നോണ്‍ ബയോമെട്രിക് സേവനങ്ങള്‍ക്ക് 74 രൂപയും ബയോമെട്രിക് അപ്ഡേഷനുകള്‍ക്ക് 125 രൂപയുമാണ് ഈടാക്കുക.