എല്ലാ വെള്ളക്കട്ടയും പനീർ അല്ല; വ്യാജൻ തയ്യാറാക്കുന്നത് എങ്ങനെയെന്നോ?

Tuesday 04 November 2025 1:27 PM IST

പനീർ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മാംസാഹാരം കഴിക്കാത്ത മിക്കവരും തിരഞ്ഞെടുക്കുന്നത് പനീർ വിഭവങ്ങളാണ്. എന്നാൽ സമീപകാലത്തായി പനീറുമായി ബന്ധപ്പെട്ട ആശങ്ക രാജ്യത്തുടനീളം ഉയർന്നുവരുന്നുണ്ട്. വ്യാജ പനീർ അല്ലെങ്കിൽ അനലോഗ് പനീറിന്റെ ഉപയോഗം വ്യാപകമാവുകയാണ്. ശുദ്ധമായ പാലിന് പകരം വിലകുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉത്പന്നം രുചിയും പോഷകവും കുറയ്ക്കും എന്നുമാത്രമല്ല, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവും.

ശുദ്ധമായ പാലോ പാൽ കൊഴുപ്പോ ഉപയോഗിക്കാതെ വെജിറ്റബിൾ ഓയിൽ, സ്റ്റാർച്ച്, സിന്തറ്റിക് കോഗുലന്റ്‌സ്, മിൽക്ക് സോളിഡ്‌സ് എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് അനലോഗ് പനീർ. പരമ്പരാഗതമായി തയ്യാറാക്കുന്നത് അല്ലെങ്കിലും ഇവയ്ക്ക് പനീറിന്റെ അതേ രൂപവും ഘടനയുമായിരിക്കും ഉണ്ടാവുക. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, കാൽസ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പനീർ. എന്നാൽ വ്യാജനിൽ വളരെ കുറച്ച് പോഷകമൂല്യം മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ ദോഷകരമായ ട്രാൻസ് ഫാറ്റുകളോ അഡിറ്റീവുകളോ അടങ്ങിയിരിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.

ആരോഗ്യപ്രശ്‌‌നങ്ങൾ

  • ദഹന പ്രശ്നങ്ങൾ: സിന്തറ്റിക് കോഗുലന്റ്‌സ്, ഭക്ഷ്യയോഗ്യമല്ലാത്ത കൊഴുപ്പുകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന പനീർ വയറുവേദന, അസിഡിറ്റി അല്ലെങ്കിൽ ഓക്കാനം എന്നിവയ്ക്ക് കാരണമാകും.
  • ഹൃദയാരോഗ്യ പ്രശ്നങ്ങൾ: വ്യാജ പനീറിൽ ഉപയോഗിക്കുന്ന വെജിറ്റബിൾ ഓയിലിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിരിക്കും. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ: വ്യാജ പനീറിൽ തയ്യാറാക്കാൻ ഉപയോഗിക്കുന്ന മായം ചേർക്കുന്ന വസ്തുക്കളും വെളുപ്പിക്കൽ ഏജന്റുകളും ഭക്ഷ്യേതര രാസവസ്തുക്കളാണ്. ഇവ ശരീരത്തെ ദോഷകരമായി ബാധിക്കും.
  • പോഷകക്കുറവ്: അനലോഗ് പനീറിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുണ്ടാകില്ല.