തോട്ടക്കാട്ടുകരയിലെ സ്വർണക്കവർച്ച: രണ്ടുപേർ പിടിയിൽ

Tuesday 11 November 2025 12:59 AM IST

ആലുവ: തോട്ടക്കാട്ടുകരയിൽ റൂറൽജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം വീട് കുത്തിത്തുറന്ന് ഏഴുപവൻ കവർന്ന കേസിൽ രണ്ടുപേർ ആലുവ പൊലീസിന്റെ പിടിയിലായി. മുഖ്യപ്രതി കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59), സഹായി കുട്ടമശേരി കുമ്പശേരി ആസാദ് (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

മുട്ടംജയിലിൽവച്ചാണ് പ്രതികൾ പരിചയപ്പെട്ടത്. മോഷണക്കേസിൽ ഷാജഹാനും രാസലഹരിക്കേസിൽ ആസാദും തൊടുപുഴ മുട്ടം ജയിലിലായിരുന്നു. കഴിഞ്ഞമാസം 17നാണ് ഷാജഹാർ ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് കൂത്താട്ടുകുളം, തൃശൂർ എന്നിവിടങ്ങളിൽ നിരവധി മോഷണംനടത്തി.

ആസാദ്

കഴിഞ്ഞ ഏഴിന് പുലർച്ചെ ഓൾഡ് ദേശംറോഡിൽ സൂരജ് ഭവനിൽ സുജിത്തിന്റെ വീടിനകത്തെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണമാണ് കവർന്നത്. സമീപത്തെ മറ്റ് മൂന്ന് വീടുകളിൽ മോഷണ ശ്രമവുമുണ്ടായി. സുജിത്തിന്റെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും മുക്കുപണ്ടവും സൂക്ഷിച്ചിരുന്ന ബോക്‌സ് മോഷ്ടിച്ചത്. ഇവയിൽ മുക്കുപണ്ടം അടുക്കള തിണ്ണയിൽ ഉപേക്ഷിച്ചു.

ആദ്യം സമീപത്തെ വീടുകളിലാണ് മോഷണശ്രമമുണ്ടായത്. ഇതറിഞ്ഞ ഒരു വീട്ടുടമ എസ്.പിയുടെ ക്യാമ്പ് ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി പരിശോധിച്ച് മടങ്ങിയശേഷം അടുത്ത വീട്ടിൽ മോഷണം നടന്നത് പൊലീസിന് നാണക്കേടായിരുന്നു. ഇതേത്തുടർന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന് എസ്.പി എം. ഹേമലത കർശനനിർദ്ദേശം നൽകിയിരുന്നു.

പ്രത്യേകടീം രൂപീകരിച്ചായിരുന്നു അന്വേഷണം.

ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐമാരായ എൽദോസ്, കെ. നന്ദകുമാർ ചിത്തുജി, എ.എസ്.ഐ വിനിൽകുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിർ, ജാബിർ, മേരിദാസ്, ബിബിൻ ജോയ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.