വിവാദ പിഎച്ച്ഡി ശുപാർശ: സിൻഡിക്കേറ്റിന് വിട്ട് വി.സി

Tuesday 11 November 2025 11:06 PM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ സംസ്കൃത പിഎച്ച്ഡി ശുപാർശ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ട് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ. പിഎച്ച് ഡി അവാർഡ് നൽകുന്നതിൽ വിയോജിപ്പറിയിച്ച സംസ്കൃത ഭാഷാ ഡീനിന്റെ റിപ്പോർട്ട്, ഗവേഷക വിദ്യാർഥി വിസിക്ക് നൽകിയ പരാതി, പ്രബന്ധ പരിശോധകരുടെയും ഓപ്പൺ ഡിഫൻസ് നടത്തിയ ചെയർമാന്റെയും റിപ്പോർട്ടുകൾ എന്നിവയാണ് സിൻഡിക്കേറ്റിന് വിട്ടത്.

പി എച്ച് ഡി നൽകും മുമ്പ് നടന്ന ഓപ്പൺ ഡിഫൻസിൽ ചെയർമാനും ഡീനും വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർവ്വകലാശാല ചട്ടങ്ങളിൽ വ്യക്തതയില്ലെന്നും വിസി ക്ക് യുക്തമായ തീരുമാനം കൈക്കൊ ള്ളാമെന്നുമുള്ള ഗവേഷണ ഡയറക്ടറുടെ കുറിപ്പും സിൻഡിക്കേറ്റിന് കൈമാറി. ഓപ്പൺ ഡിഫൻസ് ഹൈബ്രിഡ് മോഡിൽ നടത്തിയതിന്റെ വീഡിയോ തെളിവ് ഹാജരാക്കാൻ കൺവീനർ കൂടിയായ ഗൈഡിനോട് വിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പൺ ഡിഫൻസ് വേദിയിൽ നടന്ന സംവാദങ്ങളിൽ സംസ്കൃതഭാഷയിൽ ഉത്തരം പറയാൻ വിദ്യാർത്ഥിക്ക് പ്രാവിണ്യമില്ലെന്ന് പരാതിയുണ്ടായ സാഹചര്യത്തിലാണ് വീഡിയോ റെക്കോർഡിംഗ് ഹാജരാക്കാൻ വിസി ആവശ്യപ്പെട്ടത് .

ഗവേഷക വിദ്യാർഥി ജാതി പീഡനം അനുഭവിക്കുന്നുവെന്ന പരാതിയിൽ മന്ത്രി ആർ. ബിന്ദു വിസി യോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തയ്യാറാക്കാൻ വിസി രജിസ്ട്രാറെ ചുമതലപെടുത്തി. ഡീനിനോട് ഒരു വിഭാഗം വിദ്യാർത്ഥികൾ ഓപ്പൺ ഡിഫൻസ് വേദിയിൽ അപമാര്യാദയായി പെരുമാറിയതായ പരാതിയിൽ ഗവർണറും വിസിയോട് വിശദീകരണം തേടി. ജാതി വിവേചനം നേരിട്ടെന്ന് ഗവേഷക വിദ്യാർത്ഥി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡീൻ സി.എൻ. വിജയകുമാരിക്കെതിരെ പട്ടികജാതി സംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തു..