ജയിലിൽ പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണം കവർന്ന കേസിലെ പ്രതി റിമാൻഡിൽ

Tuesday 11 November 2025 12:44 AM IST

ഇരിങ്ങാലക്കുട: ജയിലിൽ പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതി റിമാൻഡിൽ. പുതുപ്പാറ വീട്ടിൽ ഷാജി എന്നയാൾ കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും പ്രതിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞതിലുള്ള വിരോധത്താൽ മുറിയിൽ വച്ച് പ്രതി ഷാജിയെ കുത്തി ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഷാജിയുടെ മൊബൈൽ ഫോണും മൂവായിരം രൂപ വില വരുന്ന രണ്ട് വാച്ചും പഴ്‌സിലുണ്ടായിരുന്ന നാലായിരം രൂപയും കവർന്ന സംഭവത്തിന് ഷാജിയുടെ മൊഴി പ്രകാരം ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. പ്രതിയായ പുത്തൻചിറ കോവിലകത്തുകുന്ന് അടയിനിപറമ്പിൽ വീട്ടിൽ ഫസൽ (18) എന്നയാളെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫസൽ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 55,000 രൂപയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ.ഷാജി, എസ്.ഐ എം.ആർ.കൃഷ്ണപ്രസാദ്, ജി.എസ്.ഐ എം.എ.മുഹമ്മദ് റാഷി, ജി.എ.എസ്.ഐ അൻവറുദ്ദീൻ, ജി.എസ്.സി.പി.ഒ മാരായ എൻ.എം.ഗിരീഷ്, ടി.ജെ.സതീഷ്, സുജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.