ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'വൈറ്റ് കോളർ ഭീകരർ' എന്ന് സംശയം; തെളിവുകൾ ശേഖരിച്ച് പൊലീസ്

Tuesday 11 November 2025 8:36 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്ന് ഡൽഹി പൊലീസ്. ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും എല്ലാ തെളിവുകളും ശേഖരിച്ച് വിലയിരുത്തി വരികയാണെന്നും ഡിസിപി രാജപാണ്ഡ്യ വ്യക്തമാക്കി.

'സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിൽ പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ട്'- ഡിസിപി വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഡൽഹിയിൽ സ്‌ഫോടനമുണ്ടായത്. ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവും "വൈറ്റ് കോളർ" ഭീകര സംഘവും തമ്മിൽ ബന്ധം കണ്ടെത്തിയതായി വിവരമുണ്ട്. ദക്ഷിണ കാശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഡോക്ടർ ഉമർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്.

സംഘത്തിലെ പ്രധാന അംഗങ്ങളായ ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടകവസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതേത്തുടർന്ന് കാറിന്റെ ഉടമയായ ഡോ. ഉമർ മുഹമ്മദ് പരിഭ്രാന്തനായി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയതായാണ് റിപ്പോർട്ടുകൾ. ഉമർ മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചുവെന്നുവെന്നും പൊലീസ് സൂചന നൽകുന്നു.

ചാവേർ ആക്രമണമാണ് നടന്നതെന്ന സംശയമുണ്ട്. പ്രദേശത്ത് മൂന്ന് മണിക്കൂർ നേരം കാർ പാർക്ക് ചെയ്തിരുന്നു. മാത്രമല്ല, കാറിലുണ്ടായിരുന്നയാൾ ഒരു തവണ പോലും കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇയാൾ ആരെയെങ്കിലും കാത്തിരിക്കുകയോ പാർക്കിംഗ് സ്ഥലത്ത് നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയോ ആയിരുന്നതാകാമെന്നും പൊലീസ് പറഞ്ഞു.