തിരുവനന്തപുരം സ്വദേശി ബംഗളൂരുവിൽ മരിച്ച സംഭവം; ഒപ്പം താമസിച്ചിരുന്ന മലയാളി യുവതികൾക്കെതിരെ കേസ്
ബംഗളൂരു: തിരുവനന്തപുരം സ്വദേശിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ പേരിൽ കേസെടുത്ത് പൊലീസ്. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടിൽ സിപി വിഷ്‌ണു (39) ആണ് മരിച്ചത്.
ബംഗളൂരുവിലെ യെല്ലനഹള്ളിയിൽ റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലാണ് വിഷ്‌ണു താമസിച്ചിരുന്നത്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്‌തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ വിഷ്‌ണുവിനെ ഫ്ലാറ്റിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി യുവതികളിലൊരാൾ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു എന്നാണ് സഹോദരൻ ജിഷ്‌ണു ഹുളിമാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
യുവതികളുടെ പീഡനം കാരണമാണ് വിഷ്‌ണു ജീവനൊടുക്കിയതെന്നും സഹോദരൻ ആരോപിച്ചു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതികളിലൊരാളുമായി വിഷ്‌ണുവിന് ബന്ധമുണ്ടായിരുന്നതായും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു. ബംഗളൂരു ഹൊസൂർ റോഡിലെ ഐകെഎസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു വിഷ്‌ണു. അച്ഛൻ - ബി ചന്ദ്രകുമാർ, അമ്മ - പി പത്മകുമാരി.