ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് ചെയ്തില്ല, ഭാര്യയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കി ഭർത്താവ്

Tuesday 11 November 2025 4:37 PM IST

പാട്ന (ബീഹാർ): ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലം എപ്പോഴും ആവേശം നിറഞ്ഞതാണ്. എന്നാൽ പുറത്തുള്ള രാഷ്ട്രീയ പോര് വീട്ടിനകത്തേക്കും കടന്ന് ചെന്നാൽ എന്ത് ചെയ്യും. അത്തരത്തിൽ ഭർത്താവ് പിന്തുണയ്ക്കുന്ന പാർട്ടിക്ക് ഭാര്യ വോട്ട് ചെയ്തില്ലെന്ന പേരിൽ ദമ്പതികൾക്കിടയിൽ ഉണ്ടായ ഭീകരമായ വഴക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ നടന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്.

രാഷ്ട്രീയ ജനതാദളിനെ (ആർജെഡി) പിന്തുണച്ച ഭർത്താവ്, താൻ വോട്ട് ചെയ്യുന്ന അതേ പാർട്ടിക്ക് തന്നെ ഭാര്യയും വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപിക്ക് വോട്ട് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തിയതോടെയാണ് ഇയാൾ രോഷാകുലനായി ഭാര്യയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയത്. വൈറൽ വീഡിയോയിൽ ഭർത്താവ് ഭാര്യയെ അടിക്കുന്നതും വീട്ടിൽ നിന്ന് പുറത്തേക്ക് തള്ളിയിടുന്നതും കാണാം.

ഭർത്താവിന്റെ അടിയിൽ നിന്ന് ഭാര്യ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാർ ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ടിട്ടും ഇയാൾ ഭാര്യയോട് മോശമായി പെരുമാറുന്നത് തുടർന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

'ഭാര്യാഭർത്താക്കന്മാരുടെ ബന്ധം വോട്ട് കൊണ്ടല്ല, വിശ്വാസം കൊണ്ടാണ് നിലനിൽക്കുന്നത്. വീട്ടിൽ സമാധാനം നിലനിർത്തുക. രാഷ്ട്രീയമൊക്കെ ഗേറ്റിന് പുറത്ത്'. ഒരാൾ കമന്റു ചെയ്തു. 'നിങ്ങൾക്ക് ഭക്ഷണം തരുന്നത് ഞാനാണ്, അതുകൊണ്ട് ഞാൻ പറയുന്നവർക്ക് വോട്ട് ചെയ്യണം' എന്ന ചിന്താഗതിയാണ് പലർക്കും. തങ്ങളെ അറിയാത്ത രാഷ്ട്രീയക്കാർക്ക് വേണ്ടി സ്വന്തം വീട്ടിലെ സമാധാനം നശിപ്പിക്കാൻ ആളുകൾ തയ്യാറാകുന്നു എന്നതും ദുഃഖകരമായ കാര്യമാണ്' മറ്റൊരാൾ കുറിച്ചു. 'ബന്ധങ്ങൾക്ക് മുൻഗണന നൽകുക. ഏതൊരു രാഷ്ട്രീയ ബന്ധത്തേക്കാളും വിവാഹ ബന്ധത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മറ്റൊരാൾ ആവശ്യപ്പെട്ടു.