തൃശൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവം; അന്വേഷണ റിപ്പോർട്ട് രണ്ടാഴ്‌ചയ്‌ക്കകം സമർപ്പിക്കണമെന്ന് വനംമന്ത്രി

Tuesday 11 November 2025 4:41 PM IST

തൃശൂർ: സുവോളജിക്കൽ പാർക്കിലുണ്ടായ തെരുവുനായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. അന്വേഷണസമിതിയും മന്ത്രി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്‌ചയ്‌ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദേശം.

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മറ്റ് കർശന നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തെരുവുനായയുടെ ആക്രമണത്തിൽ സുവോളജിക്കൽ പാർക്കിലെ പത്ത് മാനുകളാണ് ചത്തത്. പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിലാണ് മാനുകളെ പാർപ്പിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയാണ്. കഴിഞ്ഞമാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.